കരുനാഗപ്പള്ളി: ദേശീയപാതയിൽ നിറുത്തിയിട്ടിരുന്ന കണ്ടെയ്‌നർ ലോറിയുടെ പിന്നിൽ ഇഷ്ടിക കയറ്റി വന്ന ടിപ്പർ ലോറി ഇടിച്ച് ഒരാൾ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ലോറിയുടെ കാബിനിലിരുന്ന കരുനാഗപ്പള്ളി തൊടിയൂർ വേങ്ങറ വിളയിൽ വീട്ടിൽ ഹുസൈനാണ് (52) മരിച്ചത്.
ഇന്നലെ പുലർച്ചെ നാലരയോടെ ദേശീയപാതയിൽ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപമായിരുന്നു അപകടം. ടിപ്പർ ലോറിയുടെ മുൻവശം പൂർണമായും തകർന്നു. അപകടം നടക്കുമ്പോൾ ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. ലോറിയിലുണ്ടായിരുന്ന വേങ്ങറ സ്വദേശി മഹമ്മൂദ് (50), പതാരം സ്വദേശി രാധാഷ്ണപിള്ള (45), തൊടിയൂർ സ്വദേശി രാജൻ (60), വേങ്ങറ ദേവരാജൻ (51), ലോറി ഡ്രൈവർ ബാബു എന്നിവരെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൽ റഹ്മാന്റെയും ഫാത്തി കുഞ്ഞിന്റെയും മൂത്ത മകനാണ് മരിച്ച ഹുസൈൻ. ഭാര്യ: ബുഷ്റ മക്കൾ: അൽഫിയ, തൗഫീഖ്.