മൺറോത്തുരുത്ത്: ശക്തമായ കാറ്റിലും മഴയിലും അഷ്ടമുടിക്കായലിൽ വള്ളം മുങ്ങി രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ മൺറോത്തുരുത്ത് മണക്കടവ് കായൽ ഭാഗത്തായിരുന്നു അപകടം. വെള്ളിമൺ കൈതാകോടി ഷീബാ ഭവനത്തിൽ ക്ലീറ്റസ് (49), കൈതാകോടി നെടിയവിള വീട്ടിൽ ആന്റണി (63, ബാബു) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ മണക്കടവ് എസ് വളവ് ഭാഗത്ത് കായലിൽ വള്ളം ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ക്ലീറ്റസിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കിഴക്കേകല്ലട പൊലീസെത്തി മൃതദേഹം മേൽനടപടികൾക്കായി കൊല്ലം ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. തുടർന്ന് കുണ്ടറയിൽ നിന്ന് ഫയർഫോഴ്സും കൊല്ലത്ത് നിന്ന് സ്കൂബ ടീമും ഫിഷറീസ് ബോട്ടും നാട്ടുകാരും നടത്തിയ വ്യാപകമായ തെരച്ചിലിനൊടുവിൽ വൈകിട്ട് പെരുമൺ ഭാഗത്ത് പുല്ലുമല കടവിൽ നിന്ന് ആന്റണിയുടെ മൃതദേഹം കണ്ടെത്തി.