കൊല്ലം: വെള്ളക്കെട്ട് ഒഴിവാക്കാൻ ചാലുവെട്ടിയ നഗരസഭയുടെ നടപടിയിലൂടെ സഞ്ചാരമാർഗം അടഞ്ഞ് നാട്ടുകാർ. ബൈപ്പാസിൽ കടവൂർ - മങ്ങാട് പാലത്തിന് കിഴക്കുവശം അപ്പൂപ്പൻ നട ജംഗ്‌ഷനിലാണ് ഓടയിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകാനായി ചാലുവെട്ടിയത്.
ചാലിന് കുറുകെ സ്ഥാപിച്ച താത്കാലിക കോൺക്രീറ്റ് സ്ളാബ് മാത്രമാണ് നാട്ടുകാർക്ക് യാത്രയ്ക്കായുള്ള ഏക വഴി. ഇതുമൂലം തൊട്ടടുത്തുള്ള വർക്ക്ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച വാഹനങ്ങൾ തിരികെ കൊണ്ടുപോകാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ചാലുവെട്ടിയതിന് എതിർഭാഗത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളും കുടുംബങ്ങളുമുണ്ട്. ഇവരെല്ലാം വാഹനങ്ങളുമായി അപ്പുറം കടക്കാനാകാതെ കുടുങ്ങിയ അവസ്ഥയിലാണ്.
പ്രദേശത്ത് അമൃത് പദ്ധതിയിലുൾപ്പെടുത്തി ആരംഭിച്ച ഓട നിർമ്മാണം പൂർത്തിയാകാത്തതാണ് വെള്ളക്കെട്ടിന് കാരണമായി നാട്ടുകാർ ആരോപിക്കുന്നത്. കരിക്കോട് മുതൽ അറുന്നൂറ്റിമംഗലം, മങ്ങാട് വഴി അഷ്ടമുടിക്കായൽ വരെ കോടികൾ ചെലവഴിച്ചാണ് ഓട നിർമ്മിച്ചത്. ദേശീയപാതാ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുകൂടി കടന്നുപോകുന്ന ഓടയിലെ വെള്ളം ഒഴുകിപ്പോകുന്നതിനായി ബൈപ്പാസിന് അടിവശത്തുകൂടി കലുങ്കും നിർമ്മിച്ചു.
എന്നാൽ കലുങ്കിൽ ബന്ധപ്പെടുത്തുന്നതിനായി ഓട നീളം കൂട്ടുകയോ പകരം പൈപ്പുകൾ സ്ഥാപിക്കുകയോ ചെയ്തില്ല. ഇതുമൂലം മഴ പെയ്യുന്നതോടെ ഈ ഭാഗം വെള്ളക്കെട്ടിലാകുന്നത് പതിവായി. വെള്ളമൊഴുകിപ്പോകാൻ വലിയ പൈപ്പുകൾ സ്ഥാപിക്കുമെന്ന അധികൃതരുടെ വാഗ്ദാനവും പാഴ്‍വാക്കായി. ഓടയുടെ നിർമ്മാണം പൂർത്തീകരിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
" ഓട നിർമ്മാണം അഷ്ടമുടിക്കായലിൽ യോജിപ്പിച്ച് പൂർത്തീകരിക്കുന്നതിനായി നഗരസഭയ്ക്ക് കത്ത് നൽകി. അടിയന്തര ഇടപെടലുണ്ടായി പൈപ്പുകൾ സ്ഥാപിക്കുകയോ ഓട നിർമ്മാണം നടത്തിയോ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകണം"-
ടി.ജി. ഗിരീഷ്, മങ്ങാട് ഡിവിഷൻ കൗൺസിലർ