laksha

തിരുവനന്തപുരം : ഗുണ്ടാനിയമം നടപ്പാക്കാനും ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കാനുമുള്ള അഡ്മിനിസ്ട്രേറ്ററുടെ നീക്കം കടുത്ത പ്രതിഷേധത്തിന് കാരണമായിരിക്കെ, ദേശീയ ക്രൈം റെക്കാർഡ് ബ്യൂറോയുടെ കണക്കനുസരിച്ച് കുറ്റകൃത്യങ്ങളില്ലാത്ത പ്രദേശമാണ് ഈ ദ്വീപസമൂഹം.

നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ 2019 ലെ കണക്കനുസരിച്ച് ലക്ഷദ്വീപിൽ സമീപകാലത്തൊന്നും കൊലപാതകമോ, തട്ടിക്കൊണ്ടുപോകലോ, കുട്ടികളുടെ തിരോധാനമോ ഉണ്ടായിട്ടില്ല.

കേന്ദ്രഭരണ പ്രദേശമായ ഡാമൻ ഡ്യുവുമായി താരതമ്യം ചെയ്താൽ കുറ്റകൃത്യങ്ങൾ തീരെയില്ലാത്ത പ്രദേശമാണ് ലക്ഷദ്വീപ് എന്ന് പറയേണ്ടിവരും.

2019-ലെ എൻ.സി.ആർ.ബിയുടെ കണക്കുകൾ പ്രകാരം കുറ്റകൃത്യനിരക്ക് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിൽ ഒന്നാണ് ലക്ഷദ്വീപ്. ഇന്ത്യൻ പീനൽ കോഡ്(ഐ.പി.സി), പ്രാദേശിക നിയമങ്ങൾ എന്നിവ അനുസരിച്ച് 267.6 ആണ് ലക്ഷദ്വീപിലെ കുറ്റകൃത്യ നിരക്ക്.

2017-ൽ 114 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2018-ൽ 77ഉം 2019-ൽ

182 കുറ്റകൃത്യങ്ങളും. ഇതിൽ ഐ.പി.സി അനുസരിച്ച് ആകെ 123 കേസുകളും പ്രാദേശിക നിയമങ്ങൾ അനുസരിച്ച് 59 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

2019-ൽ ഒരൊറ്റ കൊലപാതക കേസ് പോലും ലക്ഷദ്വീപിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊലപാതകത്തിന് തുല്യമായ നരഹത്യ, വാഹനമിടിച്ചുള്ള മരണം, മറ്റു അനാസ്ഥ കാരണമുണ്ടായ മരണം, ആത്മഹത്യാപ്രേരണക്കുറ്റം, വധശ്രമം, രാജ്യദ്രോഹം തുടങ്ങിയ കേസുകളും റിപ്പോർട്ട് ചെയ്തിട്ടില്ല.

ചരിത്രത്തിൽ ഇതുവരെ ആകെ മൂന്ന് കൊലക്കേസുകൾ മാത്രമാണ് ദ്വീപിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വെബ്സൈറ്റിൽ പറയുന്നത്. ഇതിൽ രണ്ടെണ്ണം ആന്ത്രോത്ത് ദ്വീപിലും ഒരെണ്ണം കൽപേനിയിലുമായിരുന്നു.

ശാരീരികമായി ആക്രമിച്ചു, ഉപദ്രവിച്ചു തുടങ്ങിയ ചെറിയ വകുപ്പുകൾ പ്രകാരമുള്ള കേസുകളാണ് ദ്വീപിൽ 2019-ൽ റിപ്പോർട്ട് ചെയ്ത ഐ.പി.സി കുറ്റകൃത്യങ്ങളിൽ ഭൂരിഭാഗവും.

സ്ത്രീകളെ ആക്രമിച്ച അഞ്ച് കേസുകളും സ്ത്രീത്വത്തെ അപമാനിച്ചതിന് എട്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരൊറ്റ പീഡനക്കേസോ,

പീഡനശ്രമമോ ലക്ഷദ്വീപിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു ലൈംഗികാതിക്രമ കേസ് മാത്രമാണ് ഇതിന് അപവാദം.

12 രാഷ്ട്രീയ സംഘർഷങ്ങൾ 2019-ലെ കണക്കുപ്രകാരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 19 മോഷണക്കേസുകളും. ഇതിൽ 12 എണ്ണവും വാഹനമോഷണമാണ്. കവർച്ചയോ പിടിച്ചുപറിയോ ഇല്ല. തട്ടിക്കൊണ്ടുപോകലും റിപ്പോർട്ട് ചെയ്തിട്ടില്ല. മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആകെ 13 കേസുകളും. ഒരൊറ്റ വഞ്ചനാകേസ് മാത്രമാണ് 2019-ലെ കണക്കുകളിലുള്ളത്. സ്വത്തുവകകൾ നശിപ്പിച്ചതിനും ഏതാനും കേസുകളുണ്ട്.

യു.പി ഒന്നാമത്​

കേരളം മൂന്നാമത്

നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും കൂടിയ കുറ്റകൃത്യ നിരക്കുള്ള സംസ്ഥാനം നാഗാലാൻഡും(77.1) കേന്ദ്രഭരണ പ്രദേശങ്ങളിൽ ദാദ്രാ ആൻഡ് നാഗർ ഹാവേലിയുമാണ് (52.2). രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ശതമാനക്കണക്കിൽ ലക്ഷദ്വീപിന് പൂജ്യം ശതമാനമാണ് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ 12.2 ശതമാനവും ഉത്തർപ്രദേശിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും(9.9) കേരളവും(8.8) തമിഴ്നാടും(8.8) ഉണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ആകെയുള്ള കുറ്റകൃത്യങ്ങളിൽ 6.1 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. ലക്ഷദ്വീപ്, ദാദ്രാ ആൻഡ് നാഗർഹാവേലി, ദാമൻ ദിയു തുടങ്ങിയ പ്രദേശങ്ങളാണ് ശതമാനകണക്കിൽ പൂജ്യം ഉള്ളത്.