anu

കൊല്ലം: കൊവിഡ് ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവൻ കവർന്നു. കടപ്പാക്കട പീപ്പിൾസ് നഗറിലെ രമ്യ ഭവനിൽ അമ്മയ്ക്കും സഹോദരിക്കും പിന്നാലെ ടാക്സ് പ്രാക്ടീഷണറായ അനു സ്റ്റീഫനും (44) ഇന്നലെ മരിച്ചു. രമ്യാഭവനിൽ ഇനി അദ്ദേഹത്തിന്റെ ഭാര്യയും മകളുമേയുള്ളു.

ഹൃദയത്തിൽ കാരുണ്യദീപം കെടാതെ സൂക്ഷിച്ചിരുന്നയാളാണ് കടപ്പാക്കടയിൽ ടാക്സ് പ്രാക്ടീഷണർ സ്ഥാപനം നടത്തിയിരുന്ന അനു സ്റ്റീഫൻ. ഈ മാസം 3ന് സ്ഥാപനത്തിന്റെ എതിർവശത്തുള്ള വീട്ടിലെ മദ്ധ്യവയസ്കൻ കഴുഞ്ഞുവീണപ്പോൾ അനു സ്റ്റീഫനാണ് ആശുപത്രിയിലെത്തിച്ചത്. മദ്ധ്യവയസ്കന് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിൽ കഴിഞ്ഞ അനു സ്റ്റീഫനും അമ്മയും സഹോദരിയും ഭാര്യ രമ്യയും പോസിറ്റീവായി. മകൾ അബേൽ രമ്യയുടെ വീട്ടിലായിരുന്നു.

നാലുപേരും സ്വകാര്യആശുപത്രിയിൽ പ്രവേശിച്ചു. അമ്മയ്ക്കും അനു സ്റ്റീഫനും വെന്റിലേറ്ററിന്റെ സഹായം അവശ്യമായി വന്നതോടെ തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടയിൽ ശ്വാസതടസത്തെ തുടർന്ന് സഹോദരി അനിത സ്റ്റീഫൻ (47) 19ന് മരിച്ചു. 24ന് ന്യൂമോണിയ ബാധിച്ച് അമ്മ ഐറിസ് സ്റ്റീഫനും (77) മരണത്തിന് കീഴടങ്ങി. രമ്യയും അനു സ്റ്റീഫനും രോഗമുക്തയായി. രമ്യ വീട്ടിൽ മടങ്ങിയെത്തി. പക്ഷെ അനു സ്റ്റീഫൻ ആരോഗ്യനില വീണ്ടെടുത്തിരുന്നില്ല. സ്വകാര്യ ആശുപത്രിയിൽ തുടരുകയായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. അനുവിന്റെ അച്ഛൻ സ്റ്റീഫൻ നേരത്തെ മരിച്ചിരുന്നു.

മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ സംസ്കരിക്കും. കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന എക്സിക്യുട്ടീവ് അംഗമായിരുന്നു. ലാഭേച്ഛയില്ലാതെ പ്രവർത്തിച്ചിരുന്ന അദ്ദേഹം വ്യാപാരികൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു.