covid

 കൊവിഡിനെ മെരുക്കാൻ സമയമെടുക്കും

കൊല്ലം: ലോക്ക്ഡൗൺ 20 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ കൊവിഡ് വ്യാപന വേഗത കുറയുന്നു. ലോക്ക്ഡൗൺ ആരംഭിച്ച ഈമാസം 8ന് 27.08 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ക്രമേണ താഴ്ന്ന് 20.98 ലെത്തി.

ലോക്ക്ഡൗണിലൂടെ പ്രതീക്ഷിച്ച കുറവ് വ്യാപനത്തിൽ ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ജനങ്ങൾ പൂർണമായും വീടുകളിൽ ഒതുങ്ങിയിരുന്നെങ്കിൽ കുടുംബാംഗങ്ങളിൽ മാത്രമായി രോഗം ഒതുങ്ങിയേനെ.

എന്നാൽ കുടുംബാംഗങ്ങൾക്ക് പുറത്തും വൻതോതിൽ സമ്പർക്ക വ്യാപനം നടക്കുന്നുണ്ട്. ഈ നിലയിൽ മുന്നോട്ടുപോയാൽ രണ്ടാം വ്യാപനം നിയന്ത്രണ വിധേയമാകാൻ കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണ്ടിവരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.

കൊല്ലത്ത് രോഗികൾ കുറവ്

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഏറ്റവും കുറച്ചാളുകൾ ചികിത്സയിലുള്ളത് കൊല്ലം ജില്ലയിലാണ്. ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം 6,967 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. അതേസമയം അയൽജില്ലകളായ തിരുവനന്തപുരത്ത് പതിനേഴായിരത്തിൽ അധികം ആളുകളും ആലപ്പുഴയിൽ ഇരുപതിനായിരത്തിലേറെപ്പേരും ചികിത്സയിലുണ്ട്. രോഗവ്യാപനത്തിൽ പിന്നിൽ നിൽക്കുന്ന ജില്ലകളേക്കാൾ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കൊല്ലത്ത് കുറഞ്ഞ് നിൽക്കുന്നത് ആശ്വാസമാണ്.

നഗരത്തിൽ വ്യാപനം രൂക്ഷം

കൊല്ലം നഗരത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന ഘട്ടത്തിനേക്കാൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ് കൊവിഡ് വ്യാപനം. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ ശരാശരി 600 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. എന്നാലിപ്പോൾ ഒരു ദിവസം രോഗം ബാധിക്കുന്നവരുടെ എണ്ണം എണ്ണൂറിന് മുകളിലേക്ക് ഉയർന്നിരിക്കുകയാണ്.

ഒരാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

ഈമാസം 26: 20.98 %

25: 21.62 %

24: 17.59 %

23: 19.76 %

22: 22.07 %

21: 19.73 %

20: 18.73 %


ആകെ കൊവിഡ് ബാധിച്ചത്: 1,78,033

നിലവിൽ ചികിത്സയിലുള്ളവർ: 6,967

രോഗമുക്തർ: 1,70,563

മരണം: 478

''

ജില്ലയിൽ സമ്പർക്ക വ്യാപന തോത് കുറഞ്ഞിട്ടില്ല. ഓരോരുത്തരും മാനദണ്ഡങ്ങൾ പാലിച്ചെങ്കിൽ മാത്രമേ കൊവിഡ് നിയന്ത്രണവിധേയമാകൂ.

ആരോഗ്യവകുപ്പ്