കിഴക്കേ കല്ലട: ശക്തമായ മഴയിൽ കൊടുവിള ഗവ. എം.ജി.എൽ.പി.എസിന് സമീപത്തെ 54-ാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ പിൻവശത്തെ മണ്ണിടിഞ്ഞ് താഴേക്ക് പതിച്ചു. കുന്നിന് മുകളിലായി നിർമ്മിച്ച കെട്ടിടം ഇതോടെ അപകടാവസ്ഥയിലാണ്.
കെട്ടിടത്തിന് നിലവിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെങ്കിലും എപ്പോൾ വേണമെങ്കിലും താഴേക്ക് മറിയാവുന്ന സ്ഥിതിയാണ്. രണ്ടര വർഷം മുമ്പ് ഉദ്ഘാടനം നടത്തിയ പുതിയ അങ്കണവാടി കെട്ടിടമാണ് അപകടാവസ്ഥയിലായത്. പാർശ്വഭിത്തി നിർമ്മിക്കാതെ കുന്നിന് മുകളിൽ അശാസ്ത്രീയ നിർമ്മാണം നടത്തിയതാണ് വിനയായതെന്ന് നാട്ടുകാർ ആരോപിച്ചു.
പിന്നാക്കക്കാരായ കുട്ടികളുടെ ഏക ആശ്രയമായ അങ്കണവാടി സംരക്ഷിക്കുന്നതിനായി അടിയന്തരമായി പാർശ്വഭിത്തി നിർമ്മിക്കണമെന്ന് കിഴക്കേകല്ലട അതിജീവനം ഗ്രാമീണ കൂട്ടായ്മ കൺവീനർ ബൈജു പ്രണവം ആവശ്യപ്പെട്ടു.