കൊല്ലം: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ നിരന്തരം വീടുകൾ കയറിയിറങ്ങുന്ന ബി.എൽ.ഒമാർക്ക് വാക്സിനേഷനിൽ മുൻഗണന നൽകണമെന്ന ആവശ്യം ശക്തമാകുന്നു. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വിവിധ വിഭാഗങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും ഗൃഹസന്ദർശനം നടത്തുന്ന ബി.എൽ.ഒമാരെ പരിഗണിച്ചിട്ടില്ല.
അങ്കണവാടി ഹെൽപ്പർമാർ മുതൽ എൻജിനിയർമാർ വരെ ബി.എൽ.ഒമാരായി പ്രവർത്തിക്കുന്നുണ്ട്. ഇതിൽ സർക്കാർ ജോലിയിലുള്ളവരും വിരമിച്ചവരുമുണ്ട്. സംസ്ഥാനത്ത് ആകെ 25,018 ബി.എൽ.ഒമാരാണുള്ളത്. ഇതിൽ പകുതിയോളം പേർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഇതിനോടകം നിരവധി ബി.എൽ.ഒമാർ കൊവിഡ് ബാധിച്ച് മരിച്ചു. അതുകൊണ്ട് തന്നെ ചുമതലയിലുള്ളവരെല്ലാം കടുത്ത ആശങ്കയിലാണ്.
''
ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നവർ എന്ന നിലയിൽ ബി.എൽ.ഒമാർക്ക് വാക്സിനേഷനിൽ മുൻഗണന അനുവദിക്കണം. ചുമതല വഹിക്കുന്ന ആറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് പോലും വാക്സിൻ ലഭിച്ചിട്ടില്ല.
വി.എസ്. ഷാജി
ജനറൽ കൺവീനർ
124 കൊല്ലം ബി.എൽ.ഒ കൂട്ടായ്മ