ചാത്തന്നൂർ: തുടച്ചയായി പെയ്യുന്ന മഴയിൽ ഇത്തിക്കരയാറ് കരകവിഞ്ഞതോടെ ചാത്തന്നൂർ ആനാംചാൽ, തോട്ടവാരം, വരികുളം, കോയിപ്പാട് ഭാഗങ്ങളിലെ എട്ട് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. വരികുളം ഭാഗത്തുള്ള മൂന്ന് കുടുംബങ്ങളിൽ നിന്ന് പതിമൂന്ന് പേരെ കോയിപ്പാട് ഗവ. എൽ.പി.എസിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ആനാംചാൽ, തോട്ടവാരം ഭാഗത്തുള്ള അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മാറ്റിപാർപ്പിച്ചു.
പ്രദേശത്ത് ഇന്നലെ വൈകുന്നേരത്തോടെ മഴയ്‌ക്ക് ശമനമുണ്ടായെങ്കിലും കിഴക്കൻ മേഖലയിൽ മഴ ശക്തിയായി തുടരുന്നതിനാൽ ഇത്തിക്കരയാറിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
പഞ്ചായത്ത് അസി. സെക്രട്ടറി സജി തോമസ്, റവന്യു ഉദ്യോഗസ്ഥരായ പ്രദീപ് കുമാർ, ഗിരീഷ് കുമാർ തുടങ്ങിയവരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അടിയന്തര ഘട്ടങ്ങളിൽ ജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാവുന്നതാണ്. ഹെൽപ്പ്ലൈൻ നമ്പർ: 9495432693.