കൊല്ലം: കൊട്ടാരക്കര അന്തമണിൽ കലയപുരം പുത്തൂർമുക്ക് തടത്തിൽ മനുഭവനിൽ എസ്. മനുരാജിനെ (32) കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. കലയപുരം പുത്തൂർമുക്ക് അന്തമൺ ഷൈൻ ഭവനത്തിൽ ബാബു (63), പട്ടാഴി മരുതമൺഭാഗം പുലിചാനിവിള വീട്ടിൽ ചന്ദ്രൻ (61) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മൂന്നും നാലും പ്രതികളാണ് ഇവർ. ഒന്നും രണ്ടും പ്രതികളുമായി കൊട്ടാരക്കര പൊലീസ് തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതി പട്ടാഴി തെക്കേതേരി നരിക്കോട് പുത്തൻവീട്ടിൽ പൗലോസ് (71), രണ്ടാം പ്രതി കലയപുരം പാറവിള വിഷ്ണു ഭവനത്തിൽ മോഹനൻ (44) എന്നിവരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു.
കൊലപാതകം നടന്ന സ്ഥലവും രീതിയും അവിടെ നിന്ന് മൃതദേഹം കൊണ്ടുപോയ വഴിയും പാറക്കുളത്തിൽ എറിഞ്ഞ രീതിയുമൊക്കെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോൾ
ഉച്ചഭക്ഷണത്തിന് ശേഷമാണ് മനുരാജ് ജനുവരി 2ന് പൗലോസിന്റെ വീട്ടിലെത്തിയത്. ഭാര്യയും മക്കളും പിണങ്ങിപ്പോയതിനാൽ പൗലോസ് തനിച്ചായിരുന്നു താമസം. മനുരാജ് എത്തുമ്പോൾ പൗലോസും മോഹനനും ചന്ദ്രനും ബാബുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
മദ്യപിക്കുന്നതിനിടെ രണ്ട് ദിവസം മുമ്പ് നടന്ന കവുങ്ങ് കച്ചവടം ചർച്ചയായി. ഇതോടെ പൗലോസും മനുരാജും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. മറ്റുള്ളവർ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പൗലോസ് അവിടെക്കിടന്ന കവുങ്ങിന്റെ കഷണമെടുത്ത് മനുരാജിന്റെ തലയ്ക്കടിച്ചു. തലയോട് പൊട്ടി മനുരാജ് നിലത്തുവീണ് പിടയുന്നത് മദ്യലഹരിയിൽ നാലുപേരും നോക്കിനിന്നു. രാത്രി വൈകും വരെ അവിടെയിരുന്ന് ശേഷിച്ച മദ്യവും കുടിച്ചുതീർത്ത പ്രതികൾ മൃതദേഹം ചുമന്ന് ഇരുട്ടിന്റെ മറവിലൂടെ പാറക്കുളത്തിന് അടുത്തെത്തിച്ച് വലിച്ചെറിയുകയായിരുന്നു.
മനുരാജിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് അന്തമൺ പാറക്കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ പൗലോസിന്റെ വീട്ടിലിരുന്ന് മനുരാജും സുഹൃത്തുക്കളും മദ്യപിച്ചതായി കണ്ടെത്തി.
തുടർന്ന് കൂടുതൽ അന്വേഷണത്തിന് കൊട്ടാരക്കര ഡിവൈ.എസ്.പിയെയും സി.ഐ അഭിലാഷ് ഡേവിഡിനെയും റൂറൽ എസ്.പി ചുമതലപ്പെടുത്തി. ഏപ്രിൽ 17ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതോടെ കൊലപാതകമാണെന്ന് ഉറപ്പായി. തുടർന്ന് ഫോറൻസിക് സർജൻ അടക്കമുള്ളവരെത്തി കൂടുതൽ തെളിവെടുപ്പ് നടത്തി.
അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ പൗലോസ് തന്റെ വീട് കത്തിച്ചു. ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്ന് പൊലീസ് സംശയിച്ചതോടെയാണ് പ്രതികൾ കുടുങ്ങിയത്.
പൗലോസ് പിടികിട്ടാപ്പുള്ളി
മുമ്പ് വയനാട്ടിൽ താമസിച്ചിരുന്ന പൗലോസ് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ്. സംഭവത്തിന് ശേഷം അവിടെ നിന്ന് മുങ്ങിയ പൗലോസിനെ പിടികിട്ടാപ്പുള്ളിയാക്കി വയനാട് പൊലീസ് തെരയുകയായിരുന്നു.
മനുരാജിനെ കൊലപ്പെടുത്തിയിട്ടും യാതൊരു ഭാവവ്യത്യാസവും പൗലോസിന് ഉണ്ടായിരുന്നില്ലെന്ന് മോഹനൻ അന്വേഷണ സംഘത്തോട് പറഞ്ഞു. മൃതദേഹം പാറക്കുളത്തിൽ നിന്ന് കണ്ടെത്തിയ ശേഷവും പൗലോസ് എല്ലാക്കാര്യങ്ങൾക്കും സജീവമായിരുന്നു.