യുവാവിനെതിരെ കേസെടുത്തു
ചാത്തന്നൂർ: എക്സൈസ് പരിശോധനയിൽ ആദിച്ചനല്ലൂരിലെ വീടിന്റെ അടുക്കളയിൽ നിന്ന് 20 ലിറ്റർ ചാരായവും 625 കോടയും കണ്ടെടുത്തു. എക്സൈസ് സംഘത്തെ കണ്ട് വീട്ടിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ആദിച്ചനല്ലൂർ സൊസൈറ്റി ജംഗ്ഷൻ വയലിൽ വീട്ടിൽ അനുവിന്റെ (26) വീട്ടിൽ നിന്ന് ചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. മൂന്നൂറ് ലിറ്ററിന്റെ രണ്ട് ബാരലുകളിലും നൂറ് ലിറ്ററിന്റെ ബക്കറ്റുകളിലുമായാണ് കോട സൂക്ഷിച്ചിരുന്നത്. അനുവിനെതിരെ കേസെടുത്തിട്ടുണ്ട്.
ഇവിടെ നിന്ന് വില്പനക്കായി വൻതോതിൽ ചാരായം കടത്തുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇന്നലെ പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ എസ്. നിഷാദ്, ആർ.ജി. വിനോദ്, പ്രശാന്ത് പി. മാത്യൂസ്, സി.ഇ.ഒമാരായ എം.ആർ. അനീഷ്, ഒ.എസ്. വിഷ്ണു, രാഹുൽരാജ്, ടി.ആർ. ജ്യോതി, ബിനോജ് എന്നിവർ പങ്കെടുത്തു.