കൊല്ലം: അസീസിയ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പരീക്ഷാ നടത്തിപ്പിൽ കോളേജിന് വീഴ്ചപറ്റിയെന്ന പ്രചാരണം വസ്തുതകൾ മനസിലാക്കാതെയാണെന്ന് കോളേജ് മാനേജ്മെന്റ് വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ നടന്ന മൂന്നാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന വിവരം സർവകലാശാലയിൽ നിന്ന് ലഭിച്ചപ്പോൾ തന്നെ അന്വേഷിക്കാൻ ആഭ്യന്തര അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു.
കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ മൂന്ന് വിദ്യാർത്ഥികൾ, ചീഫ് ഇൻവിജിലേറ്റർ, പരീക്ഷാ ചുമതല ഉണ്ടായിരുന്ന മറ്റ് മൂന്ന് അദ്ധ്യാപകർ ഉൾപ്പെടെ ഏഴുപേരെ സസ്പെൻഡ് ചെയ്തു. കോളേജ് അധികൃതർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കേസുമെടുത്തു.
സർവകലാശാല ചുമതലപ്പെടുത്തിയ നിരീക്ഷകന്റെ സാന്നിദ്ധ്യത്തിലാണ് പരീക്ഷ നടന്നത്. പരീക്ഷാഹാളിലടക്കം സി.സി ടി.വി നിരീക്ഷണവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരീക്ഷ നടത്തിപ്പിൽ കോളേജിന്റെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. വീഴ്ച ഉണ്ടായതായി സർവകലാശാലയും പറഞ്ഞിട്ടില്ല. വസ്തുത ഇതായിരിക്കെയാണ് മറിച്ചുള്ള പ്രചാരണങ്ങൾ നടക്കുന്നത്. ഇത് സ്ഥാപനത്തിനും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും കോളേജ് ഡയറക്ടർ വ്യക്തമാക്കി.
എം.ബി.ബി.എസ് പരീക്ഷാ ആൾമാറാട്ടം ---
മാനേജ്മെന്റിന്റെ റിപ്പോർട്ട്
ഇന്ന് പരിശോധിക്കും
തൃശൂർ: കൊല്ലം അസീസിയ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ ആരോഗ്യ സർവകലാശാലയിലെ ഉന്നതസമിതി കോളേജ് മാനേജ്മെന്റിന്റെ റിപ്പോർട്ട് ഇന്ന് പരിശോധിക്കും. വിശദ പരിശോധനകൾക്കുശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ കേരളകൗമുദിയോട് പറഞ്ഞു.
കുറ്റക്കാരായ വിദ്യാർത്ഥികളെ അഞ്ചുതവണ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കുകയും പരീക്ഷാനടത്തിപ്പിൽ ഉണ്ടായിരുന്ന നാല് അദ്ധ്യാപകരെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. അസീസിയ മെഡിക്കൽ കോളേജിൽ ഇനി പരീക്ഷാസെന്റർ അനുവദിക്കില്ലെന്നും ഗവേണിംഗ് ബോഡി ചേർന്ന് തീരുമാനിച്ചു. സംഭവത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണജോർജ് സർവകലാശാലാ വൈസ് ചാൻസലർക്ക് നിർദേശം നൽകിയിരുന്നു.
മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗം മേധാവിയും പരീക്ഷാചീഫ് സൂപ്രണ്ടുമായ ഡോ. കെ.ജി. പ്രകാശിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിയമോപദേശം തേടിയശേഷം ഇദ്ദേഹത്തിനെതിരെ സർവകലാശാല തുടർനടപടി സ്വീകരിക്കും.