kallupalam
കല്ലുപാലം സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് പുതിയ പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നു (ഫയൽ ചിത്രം)​

കൊല്ലം: കല്ലുപാലം പൊളിച്ച് ഒന്നരവർഷമായിട്ടും പുതിയ പാലത്തിന്റെ നിർമ്മാണം പകുതി പോലും പൂർത്തിയായില്ല. രാത്രിയും പകലും നിർമ്മാണം നടത്തി നൂറ് ദിവസത്തിനകം പൂർത്തിയാക്കുമെന്ന് രണ്ട് മാസം മുമ്പ് പ്രഖ്യാപിച്ചെങ്കിലും കാര്യമായൊന്നും നടന്നില്ല.

പതിനാറ് പൈലുകളാണ് പുതിയ പാലത്തിന്റെ നിർമ്മാണത്തിലുള്ളത്. ഇതിൽ ചാമക്കട ഭാഗത്തെ എട്ട് പൈലുകൾ പൂർത്തിയായി. അതിനുമുകളിൽ പൈൽ ക്യാപ്പിന്റെ കോൺക്രീറ്റിംഗ് പുരോഗമിക്കുകയാണ്. മറുവശത്ത് ആദ്യ പൈലുകളുടെ നിർമ്മാണം തുടങ്ങിയിട്ടേയുള്ളു.

ഇങ്ങനെ പോയാൽ ആറ് മാസത്തിനുള്ളിൽ പോലും നിർമ്മാണം പൂർത്തിയാകുന്ന ലക്ഷണമില്ല. കഴിഞ്ഞ ഒരുമാസമായി കാര്യമായി പണി നടക്കുന്നുമില്ല.

ഒച്ചിഴയും വേഗത്തിൽ കരാറുകാരൻ

2019 നവംബറിലാണ് പുതിയ പാലം നിർമ്മിക്കാനായി കല്ലുപാലം പൊളിച്ചത്. ഒരു വർഷമായിരുന്നു നിർമ്മാണ കാലാവധി. പൂർത്തിയാകാഞ്ഞതോടെ ഓഗസ്റ്റ് വരെ ഇപ്പോൾ നീട്ടി നൽകിയിരിക്കുകയാണ്. പക്ഷേ, വിവിധ കാരണങ്ങൾ പറഞ്ഞ് കരാറുകാരൻ നിർമ്മാണം ഇഴയ്ക്കുകയാണ്. കോൺക്രീറ്റിംഗിന് പാറയില്ലെന്ന ന്യായമാണ് ഇപ്പോൾ പറയുന്നത്.

ദുരിതത്തിലായ ജനജീവിതം

പാലം നിർമ്മാണം അനിശ്ചിതമായി നീളുന്നത് പ്രദേശത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പാലമില്ലാത്തത് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടത്തെ വലിയ അളവിൽ ബാധിച്ചിട്ടുണ്ട്. കൊല്ലം തോട് വഴി ടൂറിസ്റ്റ് ബോട്ട് സർവീസ് ആരംഭിക്കാനുള്ള നീക്കത്തിനും പാലം നിർമ്മാണം തടസമായി നിൽക്കുകയാണ്.