ശാസ്താംകോട്ട: കുന്നത്തൂർ എക്സൈസ് സർക്കിളിന്റെ പരിധിയിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ചാരായം, കോട, നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവയുമായി നിരവധി പേർ പിടിയിലായി. പടിഞ്ഞാറേ കല്ലടയിൽ നിന്ന് രണ്ടു ലിറ്റർ ചാരായവുമായി മുട്ടച്ചരുവിൽ സ്വദേശി ശരത്കുമാർ, സോനു എന്നിവരെയും അമ്പതു ലിറ്റർ കോടയുമായി വലിയ പാടം സ്വദേശി പ്രദീപിനെയും കോട സൂക്ഷിച്ചതിന് ഉള്ളുരുപ്പ് സ്വദേശി ബിജുവിനെയും അറസ്റ്റ് ചെയ്തു. ശാസ്താംകോട്ടയിൽ വീട് വാടകയ്ക്കെടുത്ത് ചാരായം നിർമ്മിച്ച ഹരിലാൽ, വിശാഖ്, സൂര്യജിത്ത് എന്നിവരിൽ നിന്ന് 20 ലിറ്റർ ചാരായം പിടിച്ചെടുത്തു. മൈനാഗപ്പള്ളി തച്ചുംകുളത്ത് കിഴക്കതിൽ സദ്ദാം ഹുസൈൻ, മൈനാഗപ്പള്ളി വേട്ടംപള്ളി പടിഞ്ഞാറ്റതിൽ ഷെഫീഖ്, ശൂരനാട് കക്കാകുന്ന് പുത്തൻപുരയിൽ ബാബു, രാധാകൃഷ്ണപിള്ള എന്നിവരിൽ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിഡിന് അസി. എക്സൈസ് ഇൻസ്പെക്ടർ വിനോദ് ശിവറാം, പ്രിവന്റീവ് ഓഫീസർ എബി മോൻ, സിവിൽ എക്സൈസ് ഓഫീസറൻമാരായ സി.എ.വിജു, ബി.അൻസർ, ആർ. അഖിൽ, ജയകൃഷ്ണൻ, എസ്. സജീവ് കുമാർ, എസ്. മുഹമ്മദ് കുഞ്ഞ്, മൻസൂർ എന്നിവർ നേതൃത്വം നൽകി.