
കൊല്ലം: മിനിലോറിയും കാറും കൂട്ടിയിടിച്ച് വൃദ്ധ മരിച്ചു. ശാസ്താംകോട്ട വേങ്ങ മദീന മൻസിലിൽ ശങ്കുതുരുത്തിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ ആമിന ബീവിയാണ് (74) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 11.30 ഓടെ കൊല്ലം - ചെങ്കോട്ട ദേശീയപാതയിൽ കൊപ്പറ ജംഗ്ഷന് സമീപമായിരുന്നു അപകടം. കല്ലുന്താഴം ഭാഗത്തേക്ക് പോയ കാറും എതിർദിശയിൽ നിന്നെത്തിയ മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ആമിനയെ കൊല്ലത്തെ സഹകരണ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകൾ റമിജയ്ക്കും മരുമകൻ സുബൈർകുട്ടിക്കും നിസാര പരിക്കുണ്ട്. മിനിലോറി ഡ്രൈവർക്കും പരിക്കേറ്റു. മറ്റുമക്കൾ: സുൽഫിക്കർ, ഷംല. മരുമക്കൾ: നസീമ, ഹുസൈൻ. കബറടക്കം ഇന്ന് കാരാളിമുക്ക് ജുമാമസ്ജിദ് കബർസ്ഥാനിൽ. കിളികൊല്ലൂർ പൊലീസ് കേസെടുത്തു.