ashta
അഷ്ടമുടിയിൽ മാപ്പിളശേരി കായൽവാര ഭാഗത്തെ കായൽഭിത്തി തകർന്ന് ഒലിച്ചുപോയ നിലയിൽ

 വീടുകൾ തകർച്ചാ ഭീഷണിയിൽ

കൊല്ലം: ടൗക്‌തേ ചുഴലിക്കാറ്റിനെ തുടർന്ന് കായലിലുണ്ടായ ശക്തമായ തിരയേറ്റത്തിൽ അഷ്ടമുടിയിൽ 600 മീറ്റർ നീളത്തിൽ കായൽ ഭിത്തി തകർന്നു. വരും ദിവസങ്ങളിൽ ഇടവപ്പാതി ശക്തമായി ജലനിരപ്പ് ഉയർന്നാൽ തീരത്തോട് ചേർന്നുള്ള 20 ഓളം വീടുകൾ തകരും.

മാപ്പിളശേരി കായൽവാരം ഭാഗത്തെ പാർശ്വഭിത്തിയാണ് പൂർണമായും തകർന്നത്. പതിറ്റാണ്ടുകൾ മുമ്പ് കരിങ്കല്ല് അടുക്കി തുരുത്തിന് ചുറ്റും ഏകദേശം അഞ്ചടി ഉയരത്തിലാണ് കായൽഭിത്തി നിർമ്മിച്ചത്. ഇതിന് മുമ്പ് ശക്തമായ വേലിയേറ്റം ഉണ്ടായപ്പോഴൊന്നും കരിങ്കല്ലുകൾ ഇളകിയിരുന്നില്ല. ഇത്തവണ നീണ്ടകര ഭാഗത്ത് നിന്ന് കടൽവെള്ളം ശക്തമായി ഒഴുകിയെത്തി കരയിലേക്ക് തിരപോലെ അടിച്ചുകയറിയാണ് ഭിത്തികൾ തകർന്നത്.

ഈമാസം 14നാണ് കൂടുതൽ നാശം സംഭവിച്ചത്. തീരത്തോട് ചേർന്നുനിൽക്കുന്ന തെങ്ങുകളുടെയും വൃക്ഷങ്ങളുടെയും വേരുകൾ തെളിഞ്ഞു. ഇവ ഏത് നിമിഷവും കടപുഴകാവുന്ന അവസ്ഥയിലാണ്. മൂന്ന് മീറ്ററോളം കായൽ ഉള്ളിലേക്ക് കയറിയിട്ടുമുണ്ട്. കൂട് മത്സ്യക്കൃഷിയും ചീന വല തട്ടുകളും വ്യാപകമായി നശിച്ചു. വള്ളങ്ങളും തകർന്നു. ഇനി മഴപെയ്താൽ കായൽ ജലം തീരത്തെ വീടുകളിലേക്ക് ഇരച്ചുകയറും. കായൽഭിത്തി പുനർനിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വില്ലേജ് ഓഫീസർക്കും കളക്ടർക്കും നിവേദനം നൽകി.

''

ഭിത്തി തകർന്ന് കരിങ്കല്ലുകൾ സഹിതം ഒലിച്ചുപോയി. മത്സ്യക്കൃഷി നശിച്ച് വലിയ നഷ്ടമാണ് സംഭവിച്ചത്. എത്രയും വേഗം ഭിത്തി പുനർനിർമ്മിച്ചില്ലെങ്കിൽ വീടുകൾ തകരും.

ജെ. ജോർജ്

മാപ്പിളശേരി പുതുവൽ