oxygen
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിർമ്മാണം പൂർത്തിയായ ഓക്സിജൻ പ്ളാന്റ്

 ഓക്സിജൻ പ്ലാന്റ് തയ്യാറായി

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഇനി ഓക്സിജൻ ക്ഷാമം ഉണ്ടാകില്ല. മിനിറ്റിൽ ആയിരം ലിറ്റർ ഓക്സിജൻ നിർമ്മിക്കുന്ന പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായി. പ്ലാന്റിൽ ഉല്പാദിപ്പിക്കുന്ന ഓക്സിജൻ ഇന്ന് മുതൽ പൈപ്പ് ലൈൻ വഴി വാർഡുകളിലെത്തും.

പ്ലാന്റിൽ നിന്ന് ഓക്സിജൻ പൈപ്പ് ലൈൻ വഴി ഓരോ കിടക്കയുടെയും മുകളിലുള്ള ബെഡ് ഹെഡ് പാനലിലെത്തും. അവിടെ നിന്ന് ഓക്സിജൻ മാസ്ക് ഉപയോഗിച്ചാകും രോഗികൾക്ക് നൽകുക. നിലവിൽ 60 കിടക്കകളിലാണ് പുതിയ പ്ലാന്റിൽ നിന്ന് ഓക്സിജൻ എത്തിക്കുക. നാഷണൽ ഹൈവേ അതോറിറ്റിയാണ് നിർവഹണ ഏജൻസി. ഡി.ആർ.ഡി.ഒ ആണ് പ്ലാന്റ് സജ്ജമാക്കിയത്.

കേന്ദ്ര സർക്കാരാണ് പണം അനുവദിച്ചത്. ഏകദേശം രണ്ട് കോടിയോളം രൂപയാണ് ചെലവ്. അന്തരീക്ഷ വായുവിൽ നിന്നാണ് പ്ലാന്റിൽ ഓക്സിജൻ വേർതിരിച്ചെടുക്കുന്നത്. വായുവിനെ രണ്ട് കംപ്രസുകൾ ഉപയോഗിച്ച് പ്രത്യേക മർദ്ദത്തിലൂടെ കടത്തിവിടും. അപ്പോൾ വാതകങ്ങൾ പ്രത്യേകം വേർതിരിയും. ഒരുമിച്ച് നിൽക്കുന്ന ഓക്സിജൻ പൈപ്പ് ലൈൻ വഴി കടത്തിവിട്ട് ശുദ്ധീകരിച്ചാണ് വാർഡിൽ എത്തിക്കുന്നത്.

മിനിറ്റിൽ ഉത്പാദനം: 1,000 ലിറ്റർ

മർദ്ദം കുറവായിരിക്കും

പൈപ്പ് ലൈൻ വഴി എത്തുന്നതിനാൽ മർദ്ദം കുറവായിരിക്കും. അതിനാൽ ഐ.സി.യുവിലും വെന്റിലേറ്ററിലും ഉപയോഗിക്കാനാകില്ല. പുറത്തുനിന്ന് വാങ്ങുന്ന സിലിണ്ടർ ഓക്സിജന്റെ അളവ് തത്കാലം കുറയ്ക്കില്ല. ആശുപത്രിയിൽ നിലവിൽ മൂന്ന് കിലോ ലിറ്റർ ദ്രവീകൃത ഓക്സിജനും ഏഴായിരം ലിറ്ററിന്റെ 130 വാതക സിലിണ്ടറുകളും പ്രതിദിനം ഉപയോഗിക്കുന്നുണ്ട്. പുതിയ പ്ലാന്റ് വന്നതിനാൽ കൊവിഡ് വ്യാപനം കുറയുമ്പോൾ ഓക്സിജന്റെ പുറത്ത് നിന്നുള്ള വാങ്ങൽ കുറയ്ക്കും.