kmml

 സർക്കാർ 3.5 കോടി കൈമാറി

കൊല്ലം: സംസ്ഥാനത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ചവറ കെ.എം.എം.എല്ലിൽ കൂടുതൽ ഓക്‌സിജൻ ഉത്പാദിപ്പിക്കാൻ സർക്കാർ നിർദ്ദേശം. നിലവിൽ സംസ്ഥാന സർക്കാരിനായി പ്രതിദിനം ഉത്പാദിപ്പിക്കുന്ന ഏഴ് ടൺ ദ്രവീകൃത ഓക്‌സിജൻ പത്ത് ടണ്ണായി വർദ്ധിപ്പിക്കും. സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് 3.5 കോടി രൂപ കമ്പനിക്ക് കൈമാറി.

കൊവിഡ് രോഗികളുടെ എണ്ണം കൂടുകയും ഓക്‌സിജൻ ആവശ്യം വർദ്ധിക്കുകയും ചെയ്തതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് സർക്കാർ അധികം വേണ്ട ഓക്‌സിജൻ എത്തിക്കുന്നത്. നിലവിലെ ഓക്‌സിജൻ പ്ലാന്റിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഉത്പാദനം കൂട്ടാനാകുമെന്നാണ് കമ്പനി സർക്കാരിന് നൽകിയ റിപ്പോർട്ട് .ഓക്‌സിജൻ പ്ളാന്റിന്റെ ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. ജൂൺ പകുതിയോടെ പ്രതിദിനം മൂന്ന് ടൺ ദ്രവീകൃത ഓക്‌സിജൻ അധികമായി ഉത്പാദിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്ന് കെ.എം.എം.എൽ

മാനേജിംഗ് ഡയറക്ടർ ജെ. ചന്ദ്രബോസ് പറഞ്ഞു.

പ്രതിദിനം 70

ടൺ ഓക്‌സിജൻ

കെ.എം.എം.എല്ലിൽ നിലവിൽ 70 ടൺ ഓക്സിജനാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഇതിൽ 63 ടൺ വാതക ഓക്സിജൻ കമ്പനിയുടെ പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള ഏഴ് ടൺ ദ്രവീകൃത ഓക്സിജനാണ് സംസ്ഥാന സർക്കാരിന് നൽകുന്നത്. കൊവിഡ് സാഹചര്യത്തിൽ കെ.എം.എം.എൽ ചവറയിൽ ആരംഭിച്ച ആശുപത്രിക്ക് പൈപ്പ്‌ലൈൻ വഴി നേരിട്ട് നൽകുന്നത് ഉൾപ്പെടെയാണിത്.