oxygen

കൊല്ലം: അടിയന്തര സാഹചര്യങ്ങളിൽ കോർപ്പറേഷൻ പരിധിയിലെ വീടുകളിൽ സൗജന്യ ഓക്സിജൻ എത്തിക്കുന്ന 'പ്രാണവായു' പദ്ധതിയുമായി കടപ്പാക്കട സ്പോർട്സ് ക്ലബ്. ഡൽഹിയിലെ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് ഇന്ത്യ (ഡി.എം.സി.ഐ) എന്ന സംഘടനയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം ആവശ്യക്കാർക്കായി ഓക്സിജൻ കോൺസൺട്രേറ്ററും ഓക്സിലേറ്ററും വീടുകളിലെത്തിക്കും.

കൊല്ലം എൻ.എസ് സഹകരണ ആശുപത്രി, ഉപാസന ആശുപത്രി എന്നിവിടങ്ങളിലെ ഒരു ഡോക്ടറും നഴ്‌സും അടങ്ങുന്ന മെഡിക്കൽ ടീം വീടുകളിലെത്തി രോഗികളെ പരിശോധിക്കും. തുടർന്നാകും ഓക്‌സിജൻ സിലിണ്ടർ സംവിധാനം ഏർപ്പാടാക്കുക. ഓക്സിജൻ ലെവൽ പരിശോധിച്ച ശേഷം അത്യാവശ്യമെങ്കിൽ രോഗികളെ ആശുപത്രിയിയിലേയ്ക്ക് മാറ്റുകയും ചെയ്യും. നഗരസഭയുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പെന്ന് കടപ്പാക്കട സ്പോർട്സ് ക്ളബ് പ്രസിഡന്റ് ജി. സത്യബാബു, സെക്രട്ടറി ആർ.എസ്. ബാബു എന്നിവർ അറിയിച്ചു.

ജസ്റ്റിസ് കുര്യൻ ജോസഫ് രക്ഷാധികാരിയായ ഡി.എം.സി.ഐയുടെ നേതൃത്വത്തിൽ നാളെ പത്ത് ഓക്സിജൻ കോൺസൺട്രേറ്ററുകൾ സ്പോർട്സ് ക്ലബിലെത്തും.നഗരസഭാ ഹെൽപ്പ് ഡെസ്കിലോ സ്പോർട്സ് ക്ലബ് ഹെൽപ്പ് ലൈൻ നമ്പറിലോ വിളിച്ച് സേവനം ആവശ്യപ്പെടാം. ഫോൺ: 9995869316, 9447706902, 9847286685, 9447571111.