court-complex
കോടതി സമുച്ചയത്തിന്റെ രൂപരേഖ

 10 കോടിയുടെ ആദ്യഘട്ട നിർമ്മാണത്തിന് ഭരണാനുമതി

കൊല്ലം: കൊല്ലത്തിന്റെ ഏറെക്കാലമായുള്ള കോടതി സമുച്ചയം എന്ന സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. 10 കോടി രൂപയുടെ ആദ്യഘട്ട നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു. സാങ്കേതിക അനുമതി കൂടി ലഭിച്ച ശേഷം ടെണ്ടർ ചെയ്ത് നിർമ്മാണത്തിലേയ്ക്ക് കടക്കും.

എൻ.ജി.ഒ ക്വാട്ടേഴ്സ് സ്ഥിതി ചെയ്യുന്ന 2.25 ഏക്കർ സ്ഥലത്താണ് കോടതി സമുച്ചയം നിർമ്മിക്കുന്നത്. ഏഴ് നിലകളായി 2,​05,​000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടമുയരുന്നത്. അടിസ്ഥാനം,​ നിലവറ, ആദ്യനില എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മൊത്തത്തിലൂള്ള രൂപരേഖ തയ്യാറായിട്ടുണ്ടെങ്കിലും എലിവേഷനും ആകെ ഘടനയും അന്തിമമായിട്ടില്ല. എലിവേഷനും ഘടനയ്ക്കും കോടതികളുടെ കെട്ടിട ഘടന അംഗീകരിക്കുന്ന ഹൈക്കോടതിയിലെ പ്രത്യേക സമിതിയുടെ അനുമതി കൂടി ലഭിക്കണം. ഇതിനുശേഷം രണ്ട്, മൂന്ന് ഘട്ടങ്ങളായി മുകളിലേക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കും. മൂന്ന് നിലകളുള്ള കുടുംബ കോടതി കെട്ടിടം,​ പാർക്കിംഗ് ടവർ എന്നിവയും പദ്ധതിയിലുണ്ട്.

ഇനിയെങ്കിലും ശ്വാസംവിടാം

ഇപ്പോൾ കളക്ടറേറ്റിലും പരിസരത്തുമായി പ്രവർത്തിക്കുന്ന 27 കോടതികളും അനുബന്ധ ഓഫീസുകളും പുതിയ സമുച്ചയത്തിലേയ്ക്ക് വരും. അതോടെ കളക്ടറേറ്റിലെ ശ്വാസംമുട്ടലിന് പരിഹാരമാകും. ജില്ലാ കേന്ദ്രത്തിൽ നിന്ന് ഏറെയകലെയും വാടക കെട്ടിടങ്ങളിലും പ്രവർത്തിക്കുന്ന പല വകുപ്പുകളുടെയും ജില്ലാ ഓഫീസുകൾ അടക്കം ഇതോടെ സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്കും വരും.

40 കോടി രൂപ

പുതിയ കോടതി സമുച്ചയം പൂർത്തിയാക്കാൻ 40 കോടി രൂപ ചെലവാകുമെന്നാണ് ഏകദേശ കണക്ക്. ഇതിന്റെ 60 ശതമാനം കേന്ദ്ര സർക്കാർ വഹിക്കും. ബാക്കി തുക സംസ്ഥാന സർക്കാർ നൽകും.

എൻ.ജി.ഒ ക്വാർട്ടേഴ്സിനും ഉടൻ അനുമതി

ഇപ്പോൾ നിൽക്കുന്ന എൻ.ജി.ഒ ക്വാർട്ടേഴ്സിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കി ഒരുഭാഗത്താണ് കോടതി സമുച്ചയം നിർമ്മിക്കുന്നത്. ശേഷിക്കുന്ന സ്ഥലത്ത് ജീവനക്കാർക്ക് പുതിയ 42 ക്വാട്ടേഴ്സുകൾ നിർമ്മിച്ചുനൽകാനാണ് തീരുമാനം. ഇതിനുള്ള ഭരണാനുമതി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.