chathanoor-rain-photo
പോളച്ചിറ ബണ്ട് റോഡിലെ വെള്ളക്കെട്ട്

ചാത്തന്നൂർ: തുടർച്ചയായി പെയ്ത മഴയ്ക്ക് ശമനമായെങ്കിലും പോളച്ചിറ ബണ്ട് റോഡിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല. രണ്ടടിയോളം പൊക്കത്തിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ഈ ഭാഗത്ത് നിർമ്മിച്ച പാലത്തിന്റെ തെക്കുഭാഗത്തെ അപ്രോച്ച് റോഡ് താഴ്ന്ന് കിടക്കുന്നതും മണ്ണും മാലിന്യവും നിറഞ്ഞ് ഓടകളിലെ ജലമൊഴുക്ക് നിലച്ചതുമാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.

പോളച്ചിറ ബണ്ട് റോഡ് വെള്ളക്കെട്ടിലായതോടെ ചിറക്കര ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി, നെടുങ്ങോലം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന പാണിയിൽ, വിളപ്പുറം, ഉളിയനാട്, കോതേരി ഭാഗത്തുള്ളവർ അഞ്ച് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട ഗതികേടിലാണ്. ഒഴുകുപാറ, പുന്നമുക്ക്, പൂതക്കുളം ഭാഗത്തുള്ളവർ ചാത്തന്നൂരിലേക്ക് വരുന്നതിന് പരവൂർ റോഡിൽ എം.എൽ.എ മുക്കിലെത്തി യാത്ര തുടരണം.പോളച്ചിറ, ഒഴുകുപാറ, കുഴുപ്പിൽ തുടങ്ങിയ വാർഡുകളിലുള്ളവർക്ക് ചിറക്കര വില്ലേജ് ഓഫീസിൽ എത്തുന്നതിനും റോഡിലെ വെള്ളക്കെട്ട് വിനയാകുകയാണ്.

റോഡ് സഞ്ചാരയോഗ്യമല്ലാത്തത് പ്രദേശത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. സന്നദ്ധ പ്രവർത്തകർ ഭക്ഷ്യക്കിറ്റ്,​ മരുന്ന് മുതലായവ ഈ ഭാഗത്തെ വീടുകളിലെത്തിക്കാൻ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞതവണ കൊവിഡ് രോഗികൾക്ക് മരുന്നുമായി പോയ ഉളിയനാട് വാർഡംഗത്തിന്റെ കാറ് ബണ്ട് റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ അവസ്ഥയും ഉണ്ടായിരുന്നു.