കൊല്ലം: കൊവിഡ് പ്രതിരോധ സാമഗ്രികൾക്കും മരുന്നുകൾക്കും അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന നടത്തി. 163 മെഡിക്കൽ സ്റ്റോറുകളിലായിരുന്നു പരിശോധന. ഇതിൽ അമിത വില ഈടാക്കുന്നതിന്റെ തെളിവ് ലഭിച്ച ഒരു കടയ്ക്കെതിരെ കേസെടുത്തു.
കൊവിഡ് പ്രതിരോധ സുരക്ഷാ ഉപകരണങ്ങൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിലും അധിക നിരക്ക് ഈടാക്കുന്ന മെഡിക്കൽ സ്റ്റോറുകൾക്കും കടകൾക്കുമെതിരെ പൊതുജനങ്ങൾക്ക് രേഖാമൂലം പരാതി നൽകാമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. പരിശോധനയിൽ പരാതി ശരിയാണെന്ന് ബോദ്ധ്യപ്പെട്ടാൽ സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കും.
ഇന്നലത്തെ പരിശോധനയിൽ 176 വാഹനങ്ങൾ പിടിച്ചെടുത്തു. നിയമലംഘനം കണ്ടത്തിയ 43 കടകൾ അടച്ചുപൂട്ടി. 79 പേരെ അറസ്റ്റ് ചെയ്തു. ശരിയായ വിധത്തിൽ മാസ്ക് ധരിക്കാത്ത 581 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാതിരുന്ന 321 പേർക്കെതിരെയും നടപടിയെടുത്തു.
പ്രതിരോധ സാമഗ്രികളുടെ വില പുതുക്കി
കൊവിഡ് പ്രതിരോധ സാമഗ്രികളുടെയും ജീവൻ രക്ഷാ ഉപകരണങ്ങളുടെയും വില സർക്കാർ പുതുക്കി നിശ്ചയിച്ചു. സർക്കാർ വില നിയന്ത്രിച്ചതോടെ സാമഗ്രികളുടെ ഗുണനിലവാരം ഇടിഞ്ഞുവെന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വില പുതുക്കിയത്. എന്നാൽ ഓക്സി മീറ്ററിന്റെ അടക്കം വില അന്യായമായി ഉയർത്തിയെന്ന പരാതിയുമുണ്ട്.
ഇനം, പഴയവില, പുതിയവില
പി.പി.ഇ കിറ്റ് (ഐ.എസ് 174423:2020)- 273, 328
എൻ 95 മാസ്ക് (ഐ.എസ് 9473:2002) - 22, 26
ട്രിപ്പിൾ ലെയർ മാസ്ക് (ഐ.എസ് 9473:2002) - 3.9, 5
ഫേസ് ഷീൽഡ് (175 മൈക്രോൺസ് ഫോഗ് ഫ്രീ) - 21, 25
100 എം.എൽ ഹാൻഡ് സാനിട്ടൈസ ർ(ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം) - 55, 66
പൾസ് ഓക്സി മീറ്റർ (അംഗീകൃത നിലവാരം)- 1500, 1800