accident

കായംകുളം: ആലപ്പുഴ - ദേശീയപാതയിൽ ഹരിപ്പാടിന് സമീപം നങ്ങ്യാർകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേർ മരിച്ചു. കാർ യാത്രക്കാരും കായംകുളം സ്വദേശികളുമായ സെമീന മൻസിലിൽ കുഞ്ഞുമോന്റെ മകൻ റിയാസ്(26), പുള്ളിക്കണക്ക് കുഴിയിൽ കിഴക്കതിൽ ഐഷാ ഫാത്തിമ(26), മകൻ ബിലാൽ(5), കൊട്ടാരക്കര ആനക്കോട്ടൂർ വടക്കേക്കര വീട്ടിൽ ഉണ്ണിക്കുട്ടൻ(26) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അജ്മി (23), അൻഷാദ് (27) എന്നിവരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്ന് പുലർച്ചെ 3.50നായിരുന്നു അപകടം. കായംകുളത്ത് നിന്ന് എറണാകുളത്തേക്ക് പോയ ഇന്നോവ കാർ ഹരിപ്പാട് നിന്ന് കായംകുളം ഭാഗത്തേക്ക് മണ്ണ് കയറ്റിവന്ന ടിപ്പർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാറിനുള്ളിൽ നിന്ന് കഞ്ചാവും മാരകായുധങ്ങളും കണ്ടെത്തിയതായി കരീലകുളങ്ങര സി.ഐ വെളിപ്പെടുത്തി. ഇതോടെ സംഭവത്തിൽ വൻ ദുരൂഹതയുണ്ടെന്ന് വെളിവായി. കാറിലുണ്ടായിരുന്ന അൻഷാദും റിയാസും കാപ്പാ ക്കേസിലുൾപ്പെട്ട് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുള്ളവരാണ്. ഇന്നലെ ഏതോ കേസുമായി ബന്ധപ്പെട്ട ആവശ്യത്തിന് കായംകുളത്തെത്തിയ ഇവരെ എറണാകുളത്തെ താമസസ്ഥലത്തേക്ക് കൊണ്ടുപോകാൻ കൊട്ടാരക്കരയിൽ നിന്ന് കാറുമായെത്തിയതാണ് ഉണ്ണിക്കുട്ടൻ. ലോക്ക് ഡൗൺ പരിശോധനകൾ തുടങ്ങും മുമ്പ് പൊലീസ് പിടിയിലാകാതെ രക്ഷപ്പെടാൻ അതിവേഗത്തിൽ പോകുന്നതിനിടെ കാറിന്റെ നിയന്ത്റണം വിട്ടതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

ഫയർഫോഴ്സും പൊലീസും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

ലോറി ഡ്രൈവറും ക്ളീനർക്കും പരിക്കേറ്റു. ഇരുവരും ഹരിപ്പാട് ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്. നേർക്ക് നേരെ ഇടിച്ച് പരസ്‌പരം കൊരുത്തുപോയ വാഹനങ്ങൾ ക്രെയിനുപയോഗിച്ചാണ് മാറ്റിയത്. ഹരിപ്പാട്, കരീലക്കുളങ്ങര,​ കായംകുളം എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും നാട്ടുകാരും മണിക്കൂറുകൾ പരിശ്രമിച്ചാണ് കാറിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്. മൃതദേഹങ്ങൾ ഹരിപ്പാട്, കായംകുളം ഗവൺമെന്റ് ആശുപത്രികളിലെ മോർച്ചറികളിലേക്ക് മാറ്റി. കൊവിഡ് പരിശോധനാ ഫലം വന്നശേഷം പോസ്റ്റുമോർട്ടം നടപടികൾ പൂർ‌ത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും. കാറിന്റെ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വെളിപ്പെടുത്തി.