കൊല്ലം: കൊവിഡ് വ്യാപനത്തിനിടെ ലോകം പ്രധാനമായും ചർച്ച ചെയ്തത് രോഗപ്രതിരോധവും മാനസിക സംഘർഷ ലഘൂകരണത്തെയും കുറിച്ചുമാണ്. ശരീരത്തിലെ ഓക്സിജന്റെ അളവ് ക്രമപ്പെടുത്തുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാമെന്നാണ് ആധുനിക വൈദ്യശാസ്ത്രം അടക്കം വിവിധ ചികിത്സാരീതികൾ പറയുന്നത്.

പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും മാനസിക സംഘർഷം കുറയ്ക്കുന്നതിനും യോഗയിലെ പ്രാണായാമത്തിലൂടെ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നിശ്ചിത സമയംകൊണ്ട് (മാത്ര) ശ്വാസം ഉള്ളിലെടുക്കുകയും (പൂരകം) നിശ്ചിത സമയം ഉള്ളിലോ (അന്തർകുംഭകം) പുറത്തോ (ബാഹ്യകുംഭകം) നിറുത്തുകയും ചെയ്ത് ക്രമമായി ശ്വാസം പുറത്തുവിടുകയും (രേചകം) ചെയ്യുമ്പോൾ പ്രാണസ്പന്ദനങ്ങളെ തിരിച്ചറിയുന്ന "പ്രാണാധാരണ" പ്രാണായാമം ചെയ്യുന്ന ആൾക്ക് (സാധകൻ) ഉണ്ടാകുമെന്നാണ് യോഗയിൽ പറയുന്നത്.

എന്താണ് പ്രാണായാമം?

നിയന്ത്രണ വിധേയമായ ശ്വസന പ്രക്രിയയാണ് പ്രാണായാമം. സ്വാഭാവികമായി നടക്കുന്ന ശ്വാസോച്ഛ്വാസപ്രക്രിയയിൽ മതിയായ രീതിയിൽ ശ്വാസകോശങ്ങളെ വികാസ - സങ്കോചങ്ങൾക്ക് വിധേയമാക്കാനുള്ള പ്രവർത്തനം നടക്കുന്നില്ലെന്ന അനുമാനത്തിൽ ബോധപൂർവം ചില നിയന്ത്രണങ്ങൾ പാലിച്ച് ശ്വസനം നടത്തുന്നു. ഇപ്രകാരം ആവശ്യമായ ഓക്സിജനും ഊർജ്ജവും ആഗിരണം ചെയ്യപ്പെടുന്നു.

ഗുണങ്ങൾ

1. ശരീരത്തെ ശുദ്ധീകരിക്കുക, സന്തുലിതമാക്കുക

2. അവയവങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുക

3. പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി ശരീരത്തെ ശക്തിപ്പെടുത്തുന്നു

4. ശരീരത്തെ ആന്തരികമായി തന്നെ ക്രമീകരിക്കുന്നു

5. ഉത്കണ്ഠ, വിഷാദം, പിരിമുറുക്കം, മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാകും

വിദഗ്ദ്ധ നിർദ്ദേശം തേടണം

'യോഗ' ഒരു ചികിത്സാരീതിയല്ല. ആന്തരിക ഊർജ്ജം സമനിലയിൽ കൊണ്ടുവരുന്നതിനുള്ള ഒരു മാർഗമാണ്. ആ അർത്ഥത്തിൽ, യോഗയിൽ മനസിനെയോ, ശരീരത്തെയോ ചികിത്സിക്കുകയെന്നത് ആയാസകരമല്ല. സ്വയം പരീക്ഷിക്കുന്നതിന് മുമ്പ് യോഗ വിദഗ്ദ്ധരുടെ നിർദ്ദേശം സ്വീകരിക്കണം.

വേഗം ചെയ്യാൻ കഴിയുന്ന പ്രാണായാമങ്ങൾ

1. ബ്രീത്തിംഗ് റിട്ടെൻഷൻ

ശ്വാസകോശത്തിന്റെ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന പ്രാണായാമമാണ് ബ്രീത്തിംഗ് റിട്ടെൻഷൻ. ആഴത്തിലുള്ളതും ദീർഘമേറിയതുമായ ശ്വാസം എടുത്ത ശേഷം കഴിയുന്നിടത്തോളം നേരം പിടിച്ചുനിറുത്താൻ ശ്രമിക്കുക. ഇത് ശരീരത്തിൽ കൂടുതൽ ഓക്സിജൻ വിതരണവും ആഗിരണവും ഉറപ്പാക്കുന്നു. ഹൃദയ സംബന്ധമായ രക്തമ്മർദ്ദം അനുഭവിക്കുന്നവർ ഈ ശ്വസന പ്രക്രിയ ഒഴിവാക്കണം.

2. നാഡിശുദ്ധി

വായുവിനെക്കൊണ്ട് പൊടിപടലങ്ങൾ എങ്ങനെ മാറ്റപ്പെടുന്നുവോ അതുപോലെ പ്രാണായാമത്തെ കൊണ്ട് നാഡികളിലുള്ള മാലിന്യം നീക്കം ചെയ്യപ്പെടുന്നു എന്നതാണ് യോഗശാസ്ത്ര സിദ്ധാന്തം. രണ്ട് നാസാദ്വാരങ്ങളിലൂടെയും മാറി മാറി ചെയ്യുന്നതുകൊണ്ട് ഇതിന് 'അനുലോമവിലോമം' എന്നും പേരുണ്ട്.

3. ശീതളി

നിവർന്നിരുന്ന് നാക്ക് ഒരു പ്രത്യേക രീതിയിൽ മടക്കി കാക്കയുടെ കൊക്കിന്റെ ആകൃതിയിലാക്കി (കാകിമുദ്ര) വായിലൂടെ സുദീർഘമായി ശ്വാസം ഉള്ളിലെടുക്കണം. കുറച്ചുനേരം ഉള്ളിൽനിറുത്തി രണ്ട് നാസാദ്വാരങ്ങളിലൂടേയും സാവധാനം പുറത്തുവിടണം. ഇപ്രകാരം ആറു തവണ അഭ്യസിക്കാം. ശ്വാസം ഉള്ളിലേക്കെടുക്കുന്നത് 6 മാത്രയും നിറുത്തുന്നത് 24 മാത്രയും പുറത്തുവിടുന്നത് 12 മാത്രയും എന്ന ക്രമത്തിലാണ്.

പ്രതിരോധ ഔഷധങ്ങൾ

ടർമെറിക്ക് പ്ലസ് ടാബ്‌ലെറ്റ്

അമൃത് ടാബ്‌ലെറ്റ്

ശക്തി ഡ്രോപ്‌സ്

തുളസി അർക്ക


ഉപയോഗിക്കുന്ന വസ്തുക്കൾ

അംല (നവചൈതന്യം)

അശ്വഗന്ധ (ശരീര ബലത്തിന്)

ഭൃംഗരാജ് (ദഹനം)

ബ്രഹ്മി (മനഃശക്തി)

അമൃത് (പ്രതിരോധശക്തി)

ശംഖുപുഷ്പം (ഓർമ്മശക്തി)

ശതാവരി (ശരീര പോഷണം)

യഷ്ടിമധു (ശ്വസന ശക്തി)

"

പ്രാണായാമം ശരിയായ രീതിയിൽ പരിശീലിച്ചാൽ ശരീരത്തിനും മനസിനുമുണ്ടാകുന്ന എല്ലാ രോഗങ്ങളും ശമിക്കും. ആരോഗ്യമുള്ളവരായിരിക്കണമെങ്കിൽ ശരിയായ രീതിയിൽ ശ്വസിക്കണം.

യോഗ വിദഗ്ദ്ധർ