ashtamudi-lake

 പിടിക്കപ്പെട്ടാൽ ആറുമാസം തടവും പിഴയും

കൊല്ലം: അഷ്ടമുടിക്കായലിൽ തൂപ്പും പടലും ഉപയോഗിച്ചുള്ള മത്സ്യബന്ധനം വീണ്ടും സജീവമാകുന്നു. മതിലിൽ, നീരാവിൽ, പതിനെട്ടാംപടി, വെങ്കേക്കര, പ്രാക്കുളം മുക്കേൽ ഭാഗങ്ങളിലാണ് ഇത്തരത്തിലുള്ള നിരോധിത മത്സ്യബന്ധനം വ്യാപകമാകുന്നത്.

മത്സ്യക്കുഞ്ഞുങ്ങളെ അടക്കം പിടികൂടുന്നതിനാൽ മത്സ്യസമ്പത്തിന് ഭീഷണിയാകുമെന്ന കണ്ടെത്തലിലാണ് തൂപ്പും പടലും ഉപയോഗിച്ചുള്ള മത്സ്യബന്ധനം നിരോധിച്ചത്. കായലിലെ ആവാസ വ്യവസ്ഥയെയും തകരാറിലാക്കുന്നതാണ് ഇത്. പരമ്പരാഗത മത്സ്യതൊഴിലാളികൾക്കും ഭീഷണിയാണ്.

ഫിഷറീസ് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ തൂപ്പും പടലും നീക്കം ചെയ്യാറുണ്ടെങ്കിലും ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയാകുന്നുണ്ട്. പിടിക്കപ്പെട്ടാൽ ആറുമാസം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ.

തൂപ്പും പടലും മത്സ്യബന്ധനം

മരച്ചില്ലകൾ ഇലയോട് കൂടി കായലിൽ നിക്ഷേപിക്കുന്നതാണ് ആദ്യഘട്ടം. ഇലകൾക്കിടയിൽ കരിമീൻ, പൂമീൻ തുടങ്ങിയ മത്സ്യങ്ങൾ മുട്ടയിടുകയും പ്രജനനം നടത്തുകയും ചെയ്യും. മുട്ടയിട്ട് വിരിയുന്നത് വരെ മത്സ്യങ്ങൾ ഇവിടെ തങ്ങും. പിന്നീട്‌ ചെറുമീനുകൾ പോലും പോകാത്ത രീതിയിൽ വലവിരിച്ച് മത്സ്യങ്ങളെ കൂട്ടത്തോടെ പിടികൂടും. കായലിൽ ഇറങ്ങി കൈകൊണ്ടോ കോരുവല ഉപയോഗിച്ചോ പിടികൂടുകയാണ് ചെയ്യുന്നത്. പ്രജനനശേഷമുള്ള മത്സ്യക്കുഞ്ഞുങ്ങൾ മറ്റുള്ളയിടങ്ങളിലേക്ക് പോകാൻ കഴിയാത്തതിനാൽ ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.

സംരക്ഷിത മേഖലയിലും

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ അഷ്ടമുടിക്കായലിലെ വിവിധയിടങ്ങളിൽ കോൺക്രീറ്റ് സ്ളാബുകൾ സ്ഥാപിച്ച് മത്സ്യങ്ങൾക്ക് പ്രജനനം നടത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. സംരക്ഷിത മേഖലയായി വകുപ്പ് നിശ്ചയിച്ചിട്ടുള്ള ഇവിടങ്ങളിൽ മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ഭാഗങ്ങളിലും മത്സ്യബന്ധനം തകൃതിയായി നടക്കുകയാണ്.

" ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കായലിൽ തൂപ്പും പടലും നിക്ഷേപിച്ചാൽ കർശനമായ നടപടികൾ സ്വീകരിക്കും"

ആർ. സുഹൈർ, ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് വകുപ്പ്, കൊല്ലം