ചാത്തന്നൂർ. ലോക്ക് ഡൗൺ ദുരിതങ്ങൾക്കിടെ ജപ്പാൻ കുടിവെള്ള പൈപ്പ്ലൈനുകൾ വ്യാപകമായി പൊട്ടിയൊഴുകുന്നത് അധികൃതർക്ക് തലവേദനയാകുന്നു. കൊവിഡ് ബാധിച്ചവർക്കും ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളമെത്തിക്കാൻ പഞ്ചായത്തുകളും സന്നദ്ധപ്രവർത്തകരും നെട്ടോടമോടുമ്പോഴാണ് കോടികൾ മുടക്കി സ്ഥാപിച്ച മീനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ നാടാകെ പൊട്ടിയൊഴുകുന്നത്. ശുദ്ധജല നഷ്ടത്തിനപ്പുറം നിരവധി റോഡുകളും ഗതാഗത യോഗ്യമല്ലാതാകാനും നിരന്തരമായുള്ള പൈപ്പ് പൊട്ടലുകൾ കാരണാകുന്നുണ്ട്.
ദേശീയപാതയിൽ
ദേശീയപാതയിൽ കല്ലുവാതുക്കലിനും പാരിപ്പള്ളിക്കും മദ്ധ്യേ ശ്രീരാമപുരത്തിന് സമീപം ഇടിയംവിളയിൽ പൈപ്പ് പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായി. റോഡിലൂടെ കിലോമീറ്ററുകളോളം കുടിവെള്ളമൊഴുകി വയലുകളിലും തോടുകളിലും എത്തുന്നത് കണ്ടിട്ടും അധികൃതർ പൈപ്പ്ലൈൻ നന്നാക്കുന്നതിൽ അലംഭാവം കാട്ടുകയാണ്.
സംസ്ഥാന പാതയിൽ
ചാത്തന്നൂർ - പരവൂർ സംസ്ഥാന പാതയിൽ അൻപതിലേറെ ഇടത്താണ് പൈപ്പ് പൊട്ടിയൊഴുകുന്നത്. മീനാട് പാലമുക്ക് ഭാഗത്ത് മാത്രം പൈപ്പ് പൊട്ടിയുണ്ടായ ഇരുപതോളം കുഴികളാണുള്ളത്. പാലമുക്കിനും മീനാടിനും ഇടയിൽ പൈപ്പ് പൊട്ടി ആഴ്ചകളായി റോഡിലും സമീപത്തെ വീട്ടുമുറ്റങ്ങളിലേയ്ക്കും വെള്ളമൊഴുകി പരക്കുകയാണ്.
ഈ ഭാഗത്ത് ഓടകൾ അടഞ്ഞതുമൂലം മഴയത്ത് ഒഴുകിയെത്തുന്ന മലിനജലം കെട്ടിനിൽക്കുന്നുമുണ്ട്. പമ്പിംഗ് ഇല്ലാത്തപ്പോൾ പൈപ്പ്ലൈനിലേയ്ക്ക് മലിനജലം കയറി വീടുകളിലെ ടാപ്പുകളിൽ എത്തുന്നതായി നാട്ടുകാർ പറയുന്നു. കോളറ, ഹെപ്പറ്റൈറ്റിസ് ബി അടക്കമുള്ള രോഗങ്ങൾ ഈ മലിനജലത്തിലൂടെ പകരാമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
ഇടറോഡുകൾ
ചാത്തന്നൂരിലെ ഇടറോഡുകൾ മിക്കതിലും പൈപ്പ് പൊട്ടിയൊഴുകുന്നത് നിത്യകാഴ്ചയാണ് ഇന്ന്. കല്ലുവാതുക്കൽ - ശാസ്ത്രിമുക്ക് -പാമ്പുറം റോഡ്, ചാത്തന്നൂർ- ഉളിയനാട്-ചിറക്കര റോഡ്, ചാത്തന്നൂർ- കുമ്മല്ലൂർ റോഡ് എന്നിവിടങ്ങളിൽ പൈപ്പുകൾ പൊട്ടി കുടിവെള്ളം റോഡിലൊഴുകുകയാണ്. ഉളിയനാട് - ചിറക്കര റോഡിൽ തേമ്പ്രയ്ക്ക് സമീപം ശിവക്ഷേത്രത്തിനടുത്ത റോഡിൽ പൈപ്പ് പൊട്ടി കുഴിയായ ഭാഗത്ത് ഓലമടലും മരച്ചില്ലകളും കുത്തിനിറുത്തി അധികൃതർ തടിതപ്പിയിട്ട് മാസങ്ങളായി.