ചാത്തന്നൂർ: ലോക്ക് ഡൗൺ ദുരിതങ്ങളിൽ കൈത്താങ്ങായി ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിലെ കുട്ടിപൊലീസും രംഗത്ത്. സ്കൂളിലെ നിർദ്ധനരായ കുട്ടികൾക്കും തൊഴിൽരഹിതരായ സ്കൂൾ പാചകത്തൊഴിലാളികൾ അടക്കമുള്ള ജീവനക്കാർക്കുമാണ് സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ ഭക്ഷ്യക്കിറ്രുകൾ നൽകിയത്.
ലോക്ക് ഡൗണിൽ ഭക്ഷണം ലഭിക്കാതായ കൂലിപ്പണിക്കാർക്കും ദീർഘദൂര വാഹനങ്ങളിലെ ജീവനക്കാർക്കും അടക്കം നൂറോളം പേർക്ക് ഒരുവയറൂട്ടാം വിശപ്പകറ്റാം പദ്ധതിയുടെ ഭാഗമായി സ്വന്തം വീടുകളിൽ തയ്യാറാക്കിയ ഭക്ഷണപ്പൊതികളും എത്തിച്ചുനൽകി. കിറ്റ് വിതരണം പി.ടി.എ പ്രസിഡന്റ് എൻ. സതീശൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി വൈസ് ചെയർമാൻ എൻ. രാധാകൃഷ്ണപിള്ള, പ്രിൻസിപ്പൽ പ്രമോദ് കുമാർ, ഹെഡ്മിസ്ട്രസ് എൽ. കമലമ്മഅമ്മ തുടങ്ങിയവർ പങ്കെടുത്തു.