കൊല്ലം: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളിൽ കൊവിഡ് ബാധിതരാകുന്നവരിൽ ബാഹ്യലക്ഷണങ്ങൾ ഇല്ലാത്തവരെ പരിചരിക്കുന്നതിനായി മയ്യനാട് ഗ്രാമപഞ്ചായത്തിൽ ഡൊമിസിലിയറി കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു. നൂറ് കിടക്കകളോടുകൂടിയ കേന്ദ്രമാണ് ഉമയനല്ലൂർ കല്ലുകുഴി എസ്.കെ.എം സ്‌കൂളിന്റെ ഹോസ്റ്റലിൽ സജ്ജമാക്കിയത്.
എം. നൗഷാദ് എം.എൽ.എ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ, വൈസ് പ്രസിഡന്റ് ജവാബ് റഹ്മാൻ, സെക്രട്ടറി സജീവ് മാമ്പറ, മുൻ ജില്ലാ പഞ്ചായത്തംഗം ഫത്തഹുദ്ദീൻ, ബ്ലോക്ക് പഞ്ചായത്തംഗം സുധീർ, മെമ്പർമാരായ ഷഹാൽ, സലാഹുദ്ദീൻ, അസിസ്റ്റന്റ് സെക്രട്ടറി ബാലനാരായണൻ, വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
മയ്യനാട് വെള്ളമണൽ എച്ച്.എസ്.എസിൽ പ്രദേശവാസികളായ കൊവിഡ് രോഗികൾക്കായി 70 കിടക്കകളുള്ള ഡൊമിസിലിയറി കെയർ സെന്റർ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ വാർഡുകളിലുമായി 150 പൾസ് ഓക്‌സി മീറ്ററുകളും അനുബന്ധ ഉപകരണങ്ങളും നൽകിയിട്ടുണ്ട്. ഹോമിയോ പ്രതിരോധ മരുന്നും ആയുർവേദ മരുന്നുകളുംവിതരണം ചെയ്യുന്നുമുണ്ട്.