കൊല്ലം: തൃക്കരുവ എസ്.എൻ.വി സംസ്‌കൃത ഹൈസ്‌കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 11ന് 'കരുതലിന്റെ കരങ്ങൾക്ക് സ്‌നേഹാദരം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. എൻ.കെ. പ്രേമ ചന്ദ്രൻ എം.പി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ കാവിള എം. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. എം.ജി സർവകലാശാലയിലെ പ്രൊഫ. ഡോ. കെ. ഇന്ദുലേഖ, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ടി.ബി ഓഫീസർ ഡോ. ദേവ് കിരൺ, ചാത്തന്നൂർ എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എസ്. ലത, എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സ്ഥാപക സെക്രട്ടറി കെ. നകുലരാജൻ, കൊല്ലം ശ്രീനാരായണ വനിതാ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. എസ്. ദേവകുമാർ, ഹ്യൂമൻ റൈറ്റ്‌സ് ജില്ലാ രക്ഷാധികാരിയും ട്രാക്ക് അംബാസിഡറുമായ കെ.പി.എ.സി ലീലാകൃഷ്ണൻ, ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിലെ ഡോ. സുബിൻ തുടങ്ങിയവർ പങ്കെടുക്കും.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവച്ച ചിറ്റയം പി.എച്ച് സെന്ററിലെ ഡോ. രജനിയെയും ആശാ വർക്കർ ശശീന്ദ്രയെയും സ്‌കൂൾ മാനേജർ ആദരിക്കും. സംസ്ഥാന സ്‌പോർട്‌സ് മീറ്റിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥി എ. ആദിത്യന് പൂർവ വിദ്യാർത്ഥിയും തിരുവനന്തപുരം ഗവ. എൻജിനിയറിംഗ് കോളേജ് മുൻ പ്രൊഫസറുമായ എസ്. പ്രസാദ് പിതാവ് ശ്രീധരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കാഷ് അവാർഡ് നൽകും. ഭരണസമിതിയംഗം എച്ച്. രാജീവൻ സംസാരിക്കും. സ്‌കൂൾ ഹെഡ്മിസ്ട്രസ് എം.കെ. അനിത സ്വാഗതവും അദ്ധ്യാപിക ലിഷ നന്ദിയും പറയും.