പത്തനാപുരം: സംരക്ഷിക്കാനാരുമില്ലാതെ തനിച്ച് താമസിച്ചിരുന്ന അഞ്ചൽ തടിക്കാട് പാങ്ങലിൽ വീട്ടിൽ ആരിഫാബീവി(65യെ ഗാന്ധിഭവനിലെത്തിച്ച് എം.എൽ.എ പി.എസ്. സുപാൽ. പതിനഞ്ച് വർഷം മുൻപ് ഭർത്താവ് മരണപ്പെട്ട, മക്കളില്ലാത്ത ഇവർ ഒറ്റയ്ക്ക് കഴിഞ്ഞുവരികയായിരുന്നു. അടുത്തിടെ വീഴ്ചയിൽ പരിക്കേറ്റ് ഇടത് കൈ ഒടിഞ്ഞതോടെ പരസഹായമില്ലാതെ മുന്നോട്ടുപോകുവാൻ കഴിയാത്ത സ്ഥിതിയായി. ആരിഫയുടെ ദുരിത ജീവിതമറിഞ്ഞ പൊതുപ്രവർത്തകൻ എം. സജാദ് സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറി ലിജു ജമാൽ വഴി വിവരം സുപാലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ എം.എൽ.എ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജനുമായി ബന്ധപ്പെട്ട് വയോധികയുടെ സംരക്ഷണം ഉറപ്പുവരുത്തുകയും ഉടൻതന്നെ അവരെ ഗാന്ധിഭവനിലെത്തിക്കുകയുമായിരുന്നു.
ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എം.എൽ.എ.യ്ക്ക് സ്വീകരണം നൽകി. ലിജു ജമാൽ, ഗാന്ധിഭവൻ ഭാരവാഹികളായ പി.എസ്. അമൽരാജ്, ജി. ഭുവനചന്ദ്രൻ, സി.പി.ഐ. പത്തനാപുരം മണ്ഡലം സെക്രട്ടറി എം. ജിയാസുദ്ദീൻ, സഫറുള്ളാഖാൻ, ദിലീപ് എസ്. സുലൈമാൻ, വിഷ്ണു ഭഗത്, എം. സജാദ്, നസീർ ആര്യൻതട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.