ഓച്ചിറ: ജില്ലയിലെ പ്രഥമ സ്മാർട്ട് വില്ലേജ് കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം പിന്നിടും മുൻപേ ചോർന്നൊലിക്കുകയും ഉപയോഗ യോഗ്യമല്ലാതാവുകയും ചെയ്ത സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സി.ആർ. മഹേഷ് എം.എൽ.എ ആവശ്യപ്പെട്ടു. സംസ്ഥാന നിർമ്മിതികേന്ദ്രം ഏറ്റെടുത്ത നിർമ്മാണപ്രവർത്തനം കാര്യക്ഷമമല്ലെന്നും ഗുണനിലവാരമുള്ള നിർമ്മാണസാമഗ്രികളല്ല ഉപയോഗിച്ചതെന്നും പ്രദേശവാസികൾ ആക്ഷേപമുയർത്തിയിരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
45 ലക്ഷം രൂപ ഖജനാവിന് നഷ്ടം വരുത്തിയ നിർമ്മാണത്തിന് പിന്നിൽ അഴിമതിയുണ്ടോയെന്ന് പരിശോധിക്കണം.
വയറിംഗ് സംവിധാനത്തിന് വേണ്ടി ചെലവിട്ട ലക്ഷങ്ങൾ പാഴായിപ്പോയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ സമയബന്ധിതമായി ഉദ്ഘാടനം ചെയ്ത കെട്ടിടം ഒരു വർഷത്തിനുള്ളിൽ ഉപയോഗശൂന്യമായി മാറുന്നത് സംസ്ഥാന ഗവൺമെന്റിന് വലിയ പ്രഹരമാണ്. ഇക്കാര്യത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുമെന്ന് സി.ആർ. മഹേഷ് എം.എൽ.എ വ്യക്തമാക്കി.