പുനലൂർ:സർക്കാരിന്റെ നൂറ്ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ അർഹതപ്പെട്ടവരുടെ ഭൂമിക്ക് പട്ടയം നൽകാൻ തീരുമാനിച്ചതായി പി.എസ്.സുപാൽ എം.എൽ.എ പറഞ്ഞു. റവന്യൂ മന്ത്രി കെ.രാജൻെറ ചേംബറിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിലെ ദർഭക്കുളം മിച്ചഭൂമി,കമ്പംകോട്,അരിപ്പ, പൊതുമരാമത്ത് വകുപ്പിലെ റോഡ് പുറമ്പോക്ക്, വടക്കേചെറുകര, മരവെട്ടിത്തടം, നടുക്കുന്നുംപുറം, തെന്മല കെ.ഐ.പി, ഉറുകുന്ന് മുസലിയാർ എസ്റ്റേറ്റ്, കനാൽ പുറമ്പോക്ക്, തെന്മല, ആര്യങ്കാവ് വില്ലേജുകളിലെ വന ഭൂമിയടക്കമുള്ളവർക്ക് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്. ജില്ലാ കളക്ടർ അബ്ദുൽനാസർ, പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ, തെന്മല ഡി.എഫ്.ഒ സൺ, ഡെപ്യൂട്ടി കളക്ടർ(എൽ.ആർ), പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻഞ്ചിയർ, റവന്യൂ ഉദ്യോഗസ്ഥരും മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ
പുനലൂർ പേപ്പർ മില്ലിനോട് ചേർന്ന ഭൂമിയുടെ പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കാൻ ആവശ്യമായ ഫണ്ടും സർവേ ഉപകരണങ്ങളും ഉദ്യോഗസ്ഥരെയും അനുവദിക്കും.
സംസ്ഥാന ലാൻഡ് ബോർഡിന്റെ പരിഗണനയിലുളള പട്ടയ പ്രശ്നങ്ങൾ ഉടൻ തീർപ്പാക്കാൻ ജില്ലാ കളക്ടറെയും താലൂക്ക്തല പ്രശ്നങ്ങൾ തീർപ്പാക്കാൻ പുനലൂർ ആർ.ഡി.ഒ.ബി.ശശികുമാർ, തഹസീൽദാർ വിനോദ് രാജ് എന്നിവരെയും കെ.ഐ.പി, കെ.എസ്.ഇ.ബി, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളിലെ പട്ടയ വിതരണത്തെ സംബന്ധിച്ച് അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും യോഗം ചുമതലപ്പെടുത്തി.
ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രി തല സംയുക്ത യോഗം ചേരാനും പട്ടയ പ്രശ്നങ്ങളുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളളയോഗം ചേരാനും തീരുമാനിച്ചു.
തടസങ്ങളില്ലാത്ത കൈവശക്കാരുടെ വനഭൂമിക്ക് പട്ടയം നൽകാനുളള നടപടികൾ ആരംഭിക്കാൻ പുനലൂർ,തെന്മല ഡി.എഫ്.ഒമാരെ യോഗം ചുമതലപ്പെടുത്തി.