കൊല്ലം: തൃക്കരുവ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധത്തിന് സഹായവുമായി ലണ്ടൻ പ്രവാസികൾ. പ്രാക്കുളം വെളിയിൽ ഡോ. രശ്മി സുരേഷ്, തേവരഴികത്ത് വീട്ടിൽ വിനോദ് ബാബു, ഇവരുടെ സുഹൃത്തുക്കൾ എന്നിവരാണ് പ്രതിരോധ വസ്തുക്കൾ വാങ്ങിനൽകിയത്. ആദ്യഘട്ടമായി പഞ്ചായത്തിന് നൽകിയ 20 പൾസ് ഓക്സി മീറ്ററുകൾ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ ഏറ്റുവാങ്ങി.
പ്രതിരോധ പ്രവർത്തനങ്ങളിലെ സന്നദ്ധപ്രവർത്തകരായ പ്രാക്കുളം ഫ്രണ്ട്‌സ് ഗ്രന്ഥശാലയുടെ അക്ഷരസേനയ്ക്ക് പി.പി.ഇ കിറ്റ്, ഗ്ലൗസ്, എൻ 95 മാസ്ക്, സാനിറ്റൈസർ എന്നിവ വെളിയിൽ രതീഷിന്റെ കൈയിൽ നിന്ന് സമിതി സെക്രട്ടറി അഡ്വ. സിജു അരവിന്ദ് ഏറ്റുവാങ്ങി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ അനിൽകുമാർ, തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗം ഷീജ, പ്രാക്കുളം സുരേഷ്, ഉദയചന്ദ്രൻ എന്നിവർ പങ്കെടുത്തു.