പുനലൂർ: വിദേശമദ്യ വിൽപ്പന താൽക്കാലികമായി നിറുത്തിയതിനെ തുടർന്ന് മെഡിക്കൽ സ്റ്റോറിന്റെ മറവിൽ അനധികൃതമായി വിൽക്കാൻ സൂക്ഷിച്ചിരുന്ന 58 കുപ്പി വ്യാജ അരിഷ്ടം തെന്മല പൊലീസ് പിടികൂടി. രണ്ട് പേർക്കെതിരെ കേസ് എടുത്തു. ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടി ജംഗ്ഷനിലെ ശിവ മെ‌ഡിക്കൽ സ്റ്റോർ ഉടമ രാജിനി, ഭർത്താവ് സുരേഷ് എന്നിവർക്കെതിരെയാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി മെഡിക്കൽ സ്റ്റോറിൽ ലഹരി പകർന്ന വ്യാജ അരിഷ്ടം വിൽക്കുന്നതായും വിദേശമദ്യ ശാലകൾ അടച്ചതോടെ മദ്യപാനികളുടെ തിരക്ക് വർദ്ധിച്ചത് കണക്കിലെടുത്ത് നാട്ടുകാർ തെന്മല പൊലീസിന് പരാതി നൽകിയിരുന്നു.ഇത് കണക്കിലെടുത്ത് തെന്മല സി.ഐ.റിച്ചാർഡ് വർഗീസ്, എസ്.ഐ.ഡി.ജെ.ശാലു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ലഹരി പകർന്ന വ്യാജ അരിഷ്ടം പിടികൂടിയത്.