meeting

കൊല്ലം: കൊവിഡ് പ്രതിരോധവും തീരസംരക്ഷണവും സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ജില്ലാ വികസന സമിതിയുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ആലപ്പാട് മേഖലയിലെ നിർമാണപ്രവർത്തനങ്ങൾ സമയബന്ധിതമായി ഏകോപിപ്പിക്കണമെന്ന് എ.എം. ആരിഫ് എം.പി നിർദേശിച്ചു. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങൾ വിപുലപ്പെടുത്തണമെന്നും കിഴക്കേകല്ലടയിലെ ചിറവരമ്പ് പദ്ധതി രൂപീകരണം ഉടൻ നടത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവൽ നിർദേശിച്ചു.
ചവറ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെ സജ്ജീകരണങ്ങളുടെ പുരോഗതി ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എയുടെ ചോദ്യങ്ങൾ അടിസ്ഥാനമാക്കി യോഗം വിലയിരുത്തി. പുനലൂർ മേഖലയിൽ കാലവർഷക്കെടുതി നഷ്ടപരിഹാര തുക എത്രയും വേഗം ലഭ്യമാക്കണമെന്നും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കണമെന്നും പി.എസ്.സുപാൽ എം.എൽ.എ ആവശ്യപ്പെട്ടു.
കുണ്ടറ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന നിർദേശമാണ് പി.സി. വിഷ്ണുനാഥ് എം.എൽ.എ നൽകിയത്. ആദിവാസി മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ. ഡാനിയേൽ പറഞ്ഞു. കൊവിഡ് പ്രതിരോധത്തിലും പ്രകൃതിക്ഷോഭങ്ങളിലും ക്രിയാത്മക ഇടപെടലാണ് നടത്തുന്നതെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ വി. ജഗൽകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.