lockdown

കൊല്ലം: പ്രതിവാര കൊവിഡ് വ്യാപന നിരക്ക് കൂടുതലുള്ള കൊല്ലം കോർപ്പറേഷനിലെ കുരീപ്പുഴ, നീരാവിൽ, അഞ്ചാലുംമൂട്, കടവൂർ, മതിലിൽ ഡിവിഷനുകളിൽ ഇന്ന് രാവിലെ 6 മുതൽ ജില്ലാ കളക്ടർ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇവിടങ്ങളിലേക്കുള്ള വരവും പോക്കും പൊലീസിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും.

ഭക്ഷ്യവസ്തുക്കൾ, പലവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉത്പന്നങ്ങൾ, ഇറച്ചി, മീൻ, കാലിത്തീറ്റ, കോഴിത്തീറ്റ ഇവ വിൽക്കുന്ന കടകൾക്കും ബേക്കറികൾക്കും രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കാം. പാൽ, പത്രം എന്നിവയുടെ വിതരണം രാവിലെ അഞ്ചിനും എട്ടിനും ഇടയിലായിരിക്കണം. റേഷൻ കടകൾ, മാവേലി സ്റ്റോർ, സപ്ലൈകോ, പാൽ ബൂത്തുകൾ എന്നിവയ്ക്ക് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കാം. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും രാവിലെ 7 മുതൽ വൈകിട്ട് 7.30 വരെ ഹോം ഡെലിവറി സർവീസിന് മാത്രമായി പ്രവർത്തനാനുമതിയുണ്ട്. ഉപഭോക്താക്കൾക്ക് നേരിട്ട് പാഴ്‌സൽ കൈപ്പറ്റാനോ ഇരുന്ന് ഭക്ഷണം കഴിക്കുവാനോ അനുവദിക്കില്ല.

മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ, പാചകവാതക വിതരണ ഏജൻസികൾ, എ.ടി.എമ്മുകൾ, ജീവൻരക്ഷാ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികൾ, ലബോറട്ടറികൾ എന്നിവയ്ക്ക് സമയനിയന്ത്രണം ബാധകമല്ല. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ മറ്റൊരു സ്ഥാപനത്തിനും പ്രവർത്തനാനുമതിയില്ല. ചന്തകളുടെ പ്രവർത്തനത്തിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.