obit

കൊല്ലം: ജില്ലയിൽ വിവിധയിടങ്ങളിലായി കൊവിഡ് ബാധിച്ച് 6 പേർ മരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മറയ്ക്കപ്പെടുന്നത് കൊല്ലത്തെ കൊവിഡ് മരണങ്ങളാണെന്ന സംശയം ബലപ്പെട്ടുവരുകയാണ്. അനൗദ്യോഗിക കണക്ക് പരിശോധിച്ചാൽ മരണസംഖ്യം ഇനിയും ഉയരും.

കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ (ഡിപ്പാർട്ട്മെന്റ്) സംസ്ഥാന സെക്രട്ടറി എഴുകോൺ പൊച്ചംകോണം സമീക്ഷയിൽ പി.ജി. അജിത്ത് പ്രസാദ് (48 ) മരിച്ചത് കൊവിഡ് മൂലമാണ്. കുളത്തൂപ്പുഴ ഗവ . ഹയർ സെക്കൻഡറി സ്കൂളിൽ സംസ്കൃത അദ്ധ്യാപകനായിരുന്നു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ച്ചയായി കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: നിഷ. മകൾ: സമീക്ഷ.

ചവറ തേവലക്കര പുത്തൻ സങ്കേതം കുറ്റിപ്പുറത്ത് വീട്ടിൽ പരേതരായ ഹനീഫ കുഞ്ഞിന്റെയും ഫാത്തിമകുഞ്ഞിന്റെയും മകൻ ചുനക്കര മുസ്ലീം ജുമാ മസ്ജിദ് അസിസ്റ്റന്റ് ഇമാം നവാസ് മുസലിയാർ (38) കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചു. ഇദ്ദേഹം 38 ദിവസങ്ങളായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പുത്തൻസങ്കേതം ജുമാ മസ്ജിദിൽ ഖബറടക്കം നടത്തി. ഭാര്യ: സബൂറ നവാസ്. മക്കൾ: മുഹ്സിന നവാസ്. മുഹമ്മദ് അമീർ.

കേരളകൗമുദി മുൻ പുനലൂർ ഏജന്റ് ഹൈസ്കൂൾ വാർഡ് കവണിയിൽ വീട്ടിൽ മുഹമ്മദ് റഷീദ് കോയ (69) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: സുൽഫത്ത്. മക്കൾ: മുഹമ്മദ് റിയാസ്, മുഹമ്മദ് നിയാസ്. മരുമക്കൾ: ജിസ്ന ,അനീഷ.

കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ചുങ്കശ്ശേരി മൻസിലിൽ ജലീൽ അഹമ്മദ് (66) കൊവിഡ് ബാധിച്ചു മരിച്ചു. പ്രമുഖ വ്യാപാരസ്ഥാപനമായ ബിൽഡേഴ്‌സ് വെയർ ഉടമയാണ്. ഭാര്യ: കുഞ്ഞാമിന ജലീൽ. മക്കൾ: അധീബ്, നീതു, ഒമർ. മരുമക്കൾ: മീനു അദീബ്, താഹിർ അഹമ്മദ്. കബറടക്കം ഇന്ന് കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിലെ അഹമ്മദിയ കബർസ്ഥാനിൽ.

പത്തനാപുരം കമുകുംചേരി അമ്മു വിലാസത്തിൽ ചന്ദ്രശേഖരൻ ആചാരി (62) കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: രമാദേവി. മക്കൾ: രചന, രഹന.

ചിറക്കര പഞ്ചായത്ത് ഒന്നാം വാർഡ് ചാത്തന്നൂർ താഴം തെക്ക് ചാലിൽവീട്ടിൽ പരേതനായ ഗോപിആശാന്റെ ഭാര്യ കുമാരി (65) കൊവിഡ് ബാധിച്ചു മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. മക്കൾ: സന്തോഷ്, സജീവ്. മരുമകൻ: സുരഭി.