പത്തനാപുരം : തിരുവനന്തപുരം ആർ.സി.സിയിൽ അപായസൂചനാ അറിയിപ്പ് നൽകാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്ടിൽ നിന്ന് രണ്ടുനില താഴ്ചയിലേക്കു വീണ യുവതിയുടെ നില അതീവഗുരുതരമായി തുടരുന്നു. പത്തനാപുരം കുണ്ടയം ചരുവിള വീട്ടിൽ നദീറയാണ് (22) ആർ.സി.സി അധികൃതരുടെ അനാസ്ഥയ്ക്ക് ഇരയായി മെഡി. കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐ.സിയുവിൽ കഴിയുന്നത്. വീഴ്ചയിൽ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിട്ടുണ്ട്. മെയ്15ന് പുലർച്ചെ 5നായിരുന്നു അപകടം.
ആർ.സി.സിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന അമ്മ നസീമയെ പരിചരിക്കാനെത്തിയതാണ് നദീറ. രണ്ടാം നിലയിൽ തുറന്നു കിടന്ന ലിഫ്ടിന്റെ പ്ലാറ്റ്ഫോമിലേക്ക് കാലെടുത്തുവച്ചയുടൻ താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ് ശരീരം ചലിപ്പിക്കാൻ കഴിയാതെ ഇവർ രണ്ടു മണിക്കൂർ അവിടെ കുടുങ്ങിക്കിടന്നു. സംഭവത്തിൽ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനെ പുറത്താക്കി അധികൃതർ തടിയൂരി. വിവാദം ഒഴിവാക്കാൻ പ്രത്യേക സമിതി അന്വേഷണം നടത്തി വീഴ്ച വരുത്തിയ മുഴുവൻ പേർക്കെതിരെയും നടപടിയെടുക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നില്ല.
അപായ സൂചന നൽകാതെ ലിഫ്ട് തുറന്നിട്ട ജീവനക്കാർക്കെതിരെ നിയമനടപടിയാവശ്യപ്പെട്ട് ബന്ധുക്കൾ കമ്മിഷണർക്കു നൽകിയ പരാതിയിൽ മെഡി.കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. അർബുദ രോഗിയായ മാതാവ് നസീമയുടെ ചികിത്സയ്ക്കു പണം കണ്ടെത്താൻ പ്രയാസപ്പെടുന്നതിനിടെയാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇവരുടെ ഭർത്താവ് ഏറെ നാളായി ജോലിക്ക് പോകുന്നില്ല. അമ്മയും ഒരു വയസുള്ള മകളും അടങ്ങുന്ന കുടുംബത്തിന്റെ ഏകആശ്രയമാണ് നദീറ.