കൊല്ലം: മോദി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ 'സേവാ ഹി സംഘടൻ' എന്ന പേരിൽ 1000 കേന്ദ്രങ്ങളിൽ സേവാപ്രവർത്തനങ്ങളും കൊവിഡ് ആശ്വാസ പ്രവർത്തനങ്ങളും നടത്തി ബി.ജെ.പി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചാത്തന്നൂരിൽ അണുനശീകരണ പ്രവർത്തനം നടത്തി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നിർവഹിച്ചു. ജില്ലാതല ഉദ്ഘാടനം നടന്ന ചാത്തന്നൂരിൽ മാർക്കറ്റ്, സബ് ട്രഷറി, പഞ്ചായത്ത് ഓഫീസ് തുടങ്ങിയവ ശുചീകരിച്ചു. ബി.ജെ.പി ചാത്തന്നൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് മീനാട് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സന്തോഷ്, ബീനരാജൻ, സഹകരണസെൽ ജില്ലാ കൺവീനർ എസ്.വി. അനിത്, സുജികുമാർ എന്നിവർ നേതൃത്വം നൽകി. മീനാട് കിഴക്ക് നടന്ന സേവാപ്രവർത്തനം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അഞ്ഞൂറോളം വീടുകളിൽ പച്ചക്കറി കിറ്റുകൾ നൽകി. നീണ്ടകര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ചവറയിൽ നടന്ന സേവാപ്രവർത്തനങ്ങൾ ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.