കൊല്ലം: ജൂനിയർ എച്ച്.ഐ മുതലുള്ള സ്ഥാനക്കയറ്റ തസ്തികകളിലെ ശമ്പള നിരക്ക് പുനഃപരിശോധിച്ച് അപാകതകൾ പരഹരിക്കണം, സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമ യോഗ്യതയുള്ള എച്ച്.ഐമാർക്ക് സ്ഥാനക്കയറ്റം നൽകണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരളാ സ്റ്റേറ്റ് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിന് നിവേദനം നൽകി.
തെറ്റായ ശമ്പള നിരക്കിലൂടെ ജൂനിയർ എച്ച്.ഐ മുതലുള്ള ജീവനക്കാർക്ക് കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവുണ്ടായിട്ടും സാനിട്ടറി ഇൻസ്‌പെക്ടർ ഡിപ്ലോമ യോഗ്യതയുള്ള എച്ച്.ഐമാരെ തഴഞ്ഞ് മറ്റൊരു വിഭാഗത്തിന് സ്ഥാനക്കയറ്റം നൽകുന്നത് തുടരുകയാണ്. സ്ഥാനക്കയറ്റം ഉൾപ്പെടെ ജീവനക്കാരുടെ സീനിയോറിറ്റി നിശ്ചയിക്കുന്നത് പി.എസ്.സി അഡ്വൈസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന ഹൈക്കോടതി വിധിയും ലംഘിക്കപ്പെട്ടു.
14 ജില്ലകളിലായി പി.എസ്.സി അഡ്വൈസ് മെമ്മോ തീയതിയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സീനിയോറിറ്റി ലിസ്റ്റ് പുനഃസ്ഥാപിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണലിന്റെ ഉത്തരവ് നടപ്പാക്കണം. ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ഹെൽത്ത് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകിയതായി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ. ബാലഗോപാൽ, പ്രസിഡന്റ് പി.എസ്. തൃദീപ് കുമാർ എന്നിവർ പറഞ്ഞു.