ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളേജിന് കിഴക്കുവശത്ത് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കോളേജിന് സമീപത്തെ ഹിമം വീട്ടിൽ സുരേഷിന്റെ വീട്ട് മുറ്റത്തിരുന്ന മൂന്ന് ബൈക്കുകൾ കത്തിക്കുകയും കോളേജ് റോഡിൽ ശാസ്താംകോട്ട പൊലീസ് പിടികൂടി ഇട്ടിരുന്ന ഒരു ലോറി കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ലോറിയുടെ സീറ്റുകളും മറ്റും കത്തി തുടങ്ങിയപ്പോഴേക്കും ഫയർഫോഴ്സ് എത്തി തീ കെടുത്തുകയുമായിരുന്നു. അക്രമികൾ പൊലീസ് സ്‌റ്റേഷൻ റോഡിൽ സ്ഥാപിച്ചിരുന്ന സി .സി .ടി.വി കാമറ തകർത്തു. ഈ കാമറകൾ പ്രവർത്തന രഹിതമായിരുന്നു. ഇന്നലെ പുലർച്ചെ മുന്നോടെയാണ് ആക്രമണം നടന്നത്. ശാസ്താംകോട്ട ഡിവൈ .എസ് .പിയുടെ നേതൃത്വത്തിൽ പൊലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു. ഫോറൽസിക് വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തി. അതിക്രമങ്ങൾ നടന്ന സ്ഥലങ്ങളിൽ സി .സി .ടി. വികൾ ഇല്ലാത്തതിനാൽ ജംഗ്ഷനിലെ സി .സി. ടി .വി കാമറകൾ കേന്ദ്രീകരിച്ച് അന്വഷണം നടത്തുന്നുണ്ട്.