amma-
കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ കിടപ്പുരോഗികൾക്ക് നൽകുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീൻ നിർവഹിക്കുന്നു

ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 'അമ്മ സ്നേഹ സാന്ത്വന ഭക്ഷ്യക്കിറ്റുകൾ' വിതരണം ചെയ്തു. കല്ലുവാതുക്കൽ പഞ്ചായത്തിലെ നിർദ്ധനരായ കിടപ്പുരോഗികൾക്കാണ് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചുനൽകിയത്. പഞ്ചായത്തിലെ പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെയാണ് വാർഡുകളിൽ നിന്ന് അർഹരായവരെ കണ്ടെത്തിയത്. വാർഡ് അംഗങ്ങളും ട്രസ്റ്റ് പ്രവർത്തകരും ചേർന്നാണ് ഭക്ഷ്യക്കിറ്റുകൾ വീടുകളിൽ എത്തിച്ചുനൽകിയത്.

ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീൻ വിതരണോദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ, കോ ഓർഡിനേറ്റർ വേണു സി. കിഴക്കനല, വാർഡ് മെമ്പർ ഉഷാകുമാരി, കമ്മ്യൂണിറ്റി നഴ്സ് ഷീന, ട്രസ്റ്റ് ട്രഷറർ ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.

അമ്മ എന്റർപ്രൈസസ് ആൻഡ് ഗോൾഡ് ലോൺസ് സ്ഥാപനങ്ങളിൽ നിന്നുമുള്ള ലാഭവിഹിതം വിനിയോഗിച്ചാണ് ട്രസ്റ്റ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. വാർഡ് മെമ്പർ, ആശാ വർക്കർ എന്നിവർ ശുപാർശ ചെയ്യുന്ന കൊവിഡ് രോഗികൾക്ക്‌ ഓക്സി മീറ്ററും ട്രസ്റ്റിന്റെ നേതൃത്വത്തിൽ വാങ്ങിനൽകുന്നുണ്ട്.