പുനലൂർ: വ്യാജ വാറ്റ് സംഘത്തെ പിടികൂടാൻ എത്തിയ തെന്മല സി.ഐ, എസ്.ഐ, എ.എസ്.ഐ അടക്കമുള്ളവർക്ക് നേരെ മാരകായുധങ്ങളുമായി ആക്രമണം. എസ്.ഐ ഡി.ജെ.ശാലുവിന് ഗുരുതരമായി പരിക്കേറ്റു. സി.ഐ.റിച്ചാർഡ് വർഗീസ്, എ.എസ്.ഐ സിദ്ദിഖ് ഉൾപ്പടെയുള്ള പൊലീസുകാർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഒറ്റക്കൽ പാറക്കടവ് സ്വദേശി വെണ്ണിക്കുളം വാസ് എന്ന വാസുവിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ മകൻ അനിൽകുമാർ, സഹായി വിഷ്ണു ഉൾപ്പടെയുള്ള മറ്റ് അഞ്ച് പ്രതികൾ ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 4മണിയോടെയായിരുന്നു സംഭവം.