ചാത്തന്നൂർ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ജീപ്പിനും പൂട്ടുവീണു. കാലാവധി കഴിഞ്ഞ ഇൻഷ്വറൻസ് പോളിസി പുതുക്കാൻ കഴിയാത്തതിനാൽ റേഞ്ച് ഓഫീസിലെ ജീപ്പ് പുറത്തിറക്കാനാകാത്ത അവസ്ഥയാണ്.
ശനിയാഴ്ചയാണ് ചാത്തന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ജീപ്പിന്റെ ഇൻഷ്വറൻസ് പോളിസിയുടെ കാലാവധി അവസാനിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പ്രകാരം ഇൻഷ്വറൻസ് ഓഫീസുകൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണ് പ്രവർത്തിക്കുന്നത്.
ഇതുമൂലം ശനിയാഴ്ച ഇൻഷ്വറൻസ് ഓഫീസ് തുറക്കാത്തതിനാൽ പോളിസി പുതുക്കാനായില്ല. ഇന്ന് പോളിസി തുക അടച്ച ശേഷം മാത്രം ജീപ്പ് പുറത്തിറക്കിയാൽ മതിയെന്നാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
വ്യാജ വാറ്റുകാർക്ക് കോള്
ആകെയുള്ള ജീപ്പ് പുറത്തിറക്കാനാകാത്തതോടെ അനധികൃത മദ്യവില്പനയും ചാരായം വാറ്റും പിടികൂടുന്നതിനായി എക്സൈസ് നടത്തുന്ന സ്പെഷ്യൽ ഡ്രൈവ് ഇന്നലെ മുടങ്ങി. വിവരം മണത്തറിഞ്ഞ വ്യാജ വാറ്റുകാർ അവസരം മുതലെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ ചാരായം വാറ്റും കച്ചവടവും പൊടിപൊടിച്ചു.