c

കൊല്ലം: കൊവിഡ്‌ മൂലം ശ്വാസതടസം നേരിടുന്നവർക്ക് വീടുകളിൽ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ എത്തിക്കുന്ന ജീവകാരുണ്യ പരിപാടിയുടെ ഉദ്‌ഘാടനം കടപ്പാക്കട സ്‌പോർട്‌സ്‌ ക്ലബിൽ മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ഡൽഹിയിലെ ഡിസ്‌ട്രസ്‌ മാനേജ്‌മെന്റ്‌ കളക്ടീവ്‌ ഇന്ത്യയ്ക്ക്‌ വിദേശത്ത് നിന്ന് ലഭിച്ച ഓക്‌സിജൻ കോൺസെൻട്രേറ്ററുകളിൽ പത്തെണ്ണം മേയർ പ്രസന്ന ഏണസ്റ്റിന്‌ മന്ത്രി കൈമാറി.

നാലെണ്ണം വീതം എൻ.എസ്‌ സഹകരണ ആശുപത്രി, ഉപാസന ആശുപത്രി എന്നിവയുടെ സഞ്ചരിക്കുന്ന ക്ലിനിക്കുകൾ വഴി വീടുകളിലെത്തിക്കും. യന്ത്രം ഉപയോഗശേഷം തിരിച്ചെടുത്ത് മറ്റ് ആവശ്യക്കാർക്ക്‌ നൽകും. ശരീരത്തിലെ ഓക്‌സിജന്റെ അളവിൽ ഏറെ കുറവാകുന്നവർ നിർബന്ധമായി ആശുപത്രികളിലേക്ക്‌ പോകണമെന്നും അതിന് പകരമല്ല ഈ സംവിധാനമെന്നും പദ്ധതിയുടെ കോ ഓർഡിനേറ്ററായ ഡോ. ദീപ്‌തി പ്രേം പറഞ്ഞു.

മേയറുടെ ആവശ്യപ്രകാരം രണ്ട്‌ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ കോർപ്പറേഷന്റെ പട്ടത്താനത്തെ കരുതൽവാസ കേന്ദ്രത്തിൽ എത്തിച്ചു. പദ്ധതി ജനങ്ങൾക്ക്‌ ആശ്വാസപ്രദമാണെങ്കിൽ കൂടുതൽ യന്ത്രങ്ങൾ എത്തിക്കുമെന്ന്‌ ഡൽഹി കേന്ദ്രമായ സംഘടനയുടെ രക്ഷാധികാരി ജസ്റ്റിസ്‌ കുര്യൻ ജോസഫ്‌ അറിയിച്ചിട്ടുണ്ടെന്ന്‌ സ്‌പോർട്‌സ്‌ ക്ലബ്‌ സെക്രട്ടറി ആർ.എസ്‌ ബാബു പറഞ്ഞു.

ചവറ മണ്ഡലത്തിലേക്ക്‌ കോൺസൺട്രേറ്ററുകൾ വേണമെന്ന നിർദ്ദേശം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ മുന്നോട്ടുവച്ചു. കളക്ടീവ്‌ ഇന്ത്യയുടെ പ്രതിനിധികളായ ഡോ. ഹാറൂൺ, അനിൽ ജബ്ബാർ എന്നിവർ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ക്ലബ്‌ പ്രസിഡന്റ്‌ ജി. സത്യബാബു, ട്രഷറർ എ. ശ്യാംകുമാർ, കോർപ്പറേഷൻ കോൺഗ്രസ്‌ നേതാവ്‌ ജോർജ്‌ ഡി. കാട്ടിൽ, സി.പി.ഐ നേതാവ്‌ ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു.