chief
ലക്ഷ്മിയമ്മയ്ക്കും മകൾ മിനിക്കും കെ.സി.ഡി.എഫ് പ്രവർത്തകർ ഭക്ഷ്യവസ്തുക്കൾ കൈമാറുന്നു

കൊല്ലം: ഒരു ചെറുകാറ്റടിച്ചാൽ നിലംപൊത്തിയേക്കാവുന്ന കൂരയിൽ കഴിയുകയാണ് വിധവകളായ ഒരമ്മയും മകളും. പടിഞ്ഞാറെ കല്ലട വലിയ പാടം അമരവിള തെക്കതിൽ വീട്ടിൽ ലക്ഷ്മിഅമ്മയും(72)​ മകൾ മിനിയു(42)​മാണ് ഈ ദുരവസ്ഥയിൽ കഴിയുന്നത്. വർഷങ്ങൾക്ക് മുമ്പ് ശക്തമായ മഴയിൽ ഇവരുടെ വീട് തകർന്നു. പിന്നീട് വീടിനോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയ ഒറ്റമുറി കൂരയിലാണ് രണ്ടുപേരും താമസിക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ കൂരയുടെ മുകളിലെ പ്ലാസ്റ്റിക് ഷീറ്റ് അടർന്ന് മാറിയതോടെ മഴ വീടിനുള്ളിലായി. ഇവരുടെ ദുരിത ജീവിതത്തെക്കുറിച്ച് അറിഞ്ഞ കല്ലടയിലെ സാംസ്കാരിക സംഘടനയായ കല്ലട കൾച്ചറൽ ആൻഡ് ഡെവലപ്മെന്റ് ഫാറം (കെ. സി .ഡി .എഫ്) പ്രവർത്തകർ കാരുണ്യത്തിന്റെ പൊതിക്കെട്ടുകളുമായി കൊച്ചുകൂരയിലേക്കെത്തി. അരി ,പച്ചക്കറി, മറ്റ് പലവ്യഞ്ജനങ്ങൾ എന്നിവ നിറകണ്ണുകളോടെയാണ് ലക്ഷ്മിയമ്മ ഏറ്റുവാങ്ങിയത്. കെ.സി.ഡി.എഫ് പ്രവർത്തകരായ അനീഷ് രാജ്, രാജേഷ്, മനേഷ് ഗോപാൽ, അനിൽകുമാർ, ബിജു, രഞ്ജിത്ത് , ശ്രീനാഥ്, സാബു എന്നിവരുടെ നേതൃത്വത്തിലാണ് സഹായം എത്തിച്ചത്.