ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തി വികസനമെത്തണം
കൊല്ലം: ടൂറിസം സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള വികസനമെന്ന ദീർഘകാലമായുള്ള സ്വപ്നം ഇത്തവണത്തെ ബഡ്ജറ്റിലൂടെ സഫലമാകുമെന്ന പ്രതീക്ഷയിലാണ് കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോ. ടിക്കറ്റ് ചാർജിലൂടെ മാത്രം പിടിച്ചുനിൽക്കാനാകാത്ത സാഹചര്യവും ഇതിലൂടെ മറികടക്കാനാകുമെന്ന് അധികൃതർ കരുതുന്നുണ്ട്.
അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഡിപ്പോയെ വിദേശസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ടൂറിസം ഹബാക്കുകയാണ് പ്രധാന ലക്ഷ്യം. ഇപ്പോഴത്തെ ഡിപ്പോയ്ക്കും മുകളിലുള്ള ഗ്യാരേജിനും കൂടി ഏകദേശം നാല് ഏക്കർ വിസ്തൃതിയുണ്ട്. നിലവിൽ ഡിപ്പോ സ്ഥിതി ചെയ്യുന്നിടത്ത് ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തുന്ന കെട്ടിടം നിർമ്മിക്കും.
ഡിപ്പോ നിലവിൽ ഗ്യാരേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റും. ഗ്യാരേജ് ആണ്ടാമുക്കത്ത് കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള 50 സെന്റിൽ തുടങ്ങും. ഇതാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ പ്ലാൻ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം. മുകേഷ് എം.എൽ.എ ധന, ഗതാഗത വകുപ്പ് മന്ത്രിമാർക്ക് നിവദേനം നൽകിയിരിക്കുകയാണ്.
പ്രതീക്ഷ വാനോളം
വിനോദ സഞ്ചാരികൾക്ക് സമയം ചെലവഴിക്കാൻ പാർക്ക്, മുകളിൽ അഷ്ടമുടിക്കായലിന്റെ സൗന്ദര്യം കൺനിറയെ കാണാൻ വരാന്തകളുള്ള ഹോട്ടൽ മുറികൾ തുടങ്ങിയവ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കൊല്ലം ഡിപ്പോ. ഗവർണറുടെ ഇത്തവണത്തെ നയപ്രഖ്യാപനത്തിൽ കെ.എസ്.ആർ.ടി.സി ഡിപ്പോകളുടെ നവീകരണത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. അടുത്തിടെ കൊല്ലം ഡിപ്പോ സന്ദർശിച്ച കെ.എസ്.ആർ.ടി.സി എം.ഡി പ്രദേശത്തിന്റെ ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തണമെന്ന നിർദേശവും മുന്നോട്ടുവച്ചിരുന്നു. ഇതാണ് കൊല്ലം ഡിപ്പോയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാൽ പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
വർഷങ്ങളുടെ പഴക്കം
വർഷങ്ങൾ പഴക്കമുള്ള ഇപ്പോഴത്തെ ഡിപ്പോ കെട്ടിടം ഏത് നിമിഷവും തകർന്നുവീണേക്കാവുന്ന അവസ്ഥയിലാണ്. മേൽക്കൂരയിലെയും ഭിത്തികളിലെയും സിമന്റ് പാളികൾ നിരന്തരം അടർന്നുവീഴുകയാണെന്ന് യാത്രക്കാർ പറയുന്നു. നേരത്തേ ഡിപ്പോ പരിസരത്ത് പുതിയ കെട്ടിടം നിർമ്മിക്കാൻ എം. മുകേഷ് എം.എൽ.എ ഫണ്ട് അനുവദിച്ചെങ്കിലും കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥിതി ചെയ്യുന്ന സ്ഥലം ഏറെ ടൂറിസം സാദ്ധ്യതയുള്ളതാണ്. അത് പ്രയോജനപ്പെടുത്താൻ കഴിയണം. കെ.എസ്.ആർ.ടി.സി അധികൃതർക്കും ഇതേ നിലപാടാണുള്ളത്.
എം. മുകേഷ് എം.എൽ.എ