ശാസ്താംകോട്ട: പൊലീസ് സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ കത്തിച്ച് ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിന് സമീപം ഷീലാ ഭവനിൽ അജിത് (22) ,രാജഗിരി പുത്തൻവീട്ടിൽ സ്റ്റെറിൻ (21) എന്നിവരാണ് പൊലീസ് പിടിയിലായത്. പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരുന്ന ലോറിക്ക് തീയിടുകയും സി. സി. ടി.വി കാമറകൾ നശിപ്പിക്കുകയും സമീപത്തെ വീട്ടുമുറ്റത്തിരുന്ന ബൈക്കുകൾ കത്തിക്കുകയും ചെയ്ത കേസിലെ പ്രതികളെയാണ് ശാസ്താംകോട്ട പൊലീസ് 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തത്. പ്രതിയായ അജിത്തിനെ നാട്ടുകാർ അവഗണിക്കുന്നതിലും പരിഹസിക്കുന്നതിലുള്ള അപഹർഷതാബോധവും വിരോധവുമാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഫോറൻസിക് ഉദ്യോഗസ്ഥരുടെയും വിരലടയാള വിദഗ്ദരുടെയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലൂടെ ശാസ്താംകോട്ട പൊലീസ് പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ എ .ബൈജു, എസ്.ഐമാരായ ശ്രീകുമാർ , രാജേഷ് , ഗ്രേഡ് എസ്.ഐ മാരായ പ്രസന്നൻ, പോൾ, ഹാരിസ്, എ.എസ്.ഐമാരായ പ്രമോദ്, വിജയൻ, സിവിൽ പൊലീസ് ഓഫീസറായ അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.