കൊല്ലം: അർബുദ രോഗബാധിതരായ കശുഅണ്ടി തൊഴിലാളികൾക്ക് 5,000 രൂപ ധനസഹായം നൽകുന്നതിനായി കാഷ്യു കോർപ്പറേഷൻ ആരംഭിച്ച കനിവ് 2021 പദ്ധതിക്ക് തുടക്കമായി. തൊഴിലാളികളുടെ വെൽഫെയർ കമ്മിറ്റി സ്വരൂപിച്ച ധനമാണ് പദ്ധതി പ്രകാരം വിതരണം ചെയ്യുന്നത്.
കാഷ്യൂ കോർപ്പറേഷന് കീഴിലുള്ള 72 തൊഴിലാളികൾ നിലവിൽ ക്യാൻസർ രോഗബാധിതരായി കിടപ്പിലാണ്. ഇ.എസ്.ഐ മുഖേനയാണ് അവർക്കുള്ള ചികിത്സയും മരുന്നുകളും ലഭിക്കുന്നത്. കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഇടമുളയ്ക്കൽ ഫാക്ടറിയിലെ തൊഴിലാളി മിനിമോളുടെ വീട്ടിലെത്തി ധനസഹായം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ബോർഡ് മെമ്പർ ജി. ബാബു, മാനേജിംഗ് ഡയറക്ടർ ഡോ. രാജേഷ് കൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.