cashew
ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് പ്രവർത്തനാനുമതി ലഭിച്ച കശുഅണ്ടി ഫാക്ടറിയിൽ ശുചീകരണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. കൊല്ലം കാഷ്യു കോർപ്പറേഷൻ ഫാക്ടറിയിൽ നിന്നുള്ള ദൃശ്യം

കൊല്ലം: ലോക്ക് ഡൗൺ ഇളവ് ലഭിച്ചതോടെ കാഷ്യു കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള ഫാക്ടറികൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തനമാരംഭിക്കും. തുറക്കുന്നതിന് മുന്നോടിയായി ഫാക്ടറികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

സർക്കാർ നിർദ്ദേശപ്രകാരം ഫാക്ടറികളിൽ പകുതി തൊഴിലാളികൾക്ക് മാത്രമാണ് ജോലി ചെയ്യാനാകുക. ജോലിക്ക് എത്തേണ്ട തൊഴിലാളികളുടെ വിവരം ഫാക്ടറി നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുകയും തൊഴിലാളികളെ ഉദ്യോഗസ്ഥർ ഫോണിൽ അറിയിക്കുകയും ചെയ്യും.

തൊഴിലാളികൾക്ക് തുടർച്ചയായി ജോലി നൽകാൻ 1600 ടൺ തോട്ടണ്ടി കോർപ്പറേഷന്റെ കീഴിലുള്ള ഫാക്ടറികളിൽ നിലവിലുണ്ട്. ഓണം വരെ മുടക്കം കൂടാതെ തൊഴിലാളികൾക്ക് ജോലി ലഭിക്കാൻ 4000 ടൺ തോട്ടണ്ടിക്ക് കരാർ ഉറപ്പിച്ചിട്ടുണ്ടെന്നും കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ പറഞ്ഞു.